മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം
1459674
Tuesday, October 8, 2024 6:59 AM IST
നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നിക്ഷേപകർ ബാങ്കിലെത്തി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11:30 യോടെ ആയിരിന്നു പ്രതിഷേധം.
25 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ചായിരുന്നു പ്രതിഷേധം. സഹകരണ സംഘത്തിലെ ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചു കോടികൾ തട്ടിയെടുത്തതായി നിക്ഷേപകർ ആരോപിച്ചു. 100 ഓളം പേരാണ് ഇതു സംബന്ധിച്ച് നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർക്കും പോലീസിലും പരാതി നൽകിയിട്ടുള്ളത്.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് എആറിന്റെ നേതൃത്വത്തിൽ ബാങ്കിൽ അഡ് മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. തങ്ങൾ നിക്ഷേപിച്ച പണം ലഭിക്കാതെ വന്നതോടെയാണു നിരവധി പേർ ചേർന്നു സംഘം സെക്രട്ടറിയുടെ മുന്നിൽ പ്രതിഷേധിച്ചത്. ചിട്ടി പിടിച്ച തുകയും ഫിക്സഡ് ഡിപ്പോസിറ്റും ഉൾപ്പെടെയുള്ളവർക്കു പലിശ ലഭിക്കാത്തതിനെ തുടർന്ന് പണം പിൻവലിക്കാനെത്തിയതിനെ തുടർന്നാണ് വിഷയം രൂക്ഷമായത്.
വകുപ്പുതല അന്വേഷണം നടത്തിയതിൽ 25 ഓളം കോടിയുടെ ക്രമക്കടു നടന്നന്നും സംഘത്തിലെ ഭരണസമതിയും ജീവിനക്കാരും ചേർന്ന് 30 കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയതായും നിക്ഷേപകർ പറഞ്ഞു. നിക്ഷേപകർ അറിയാതെ അവരുടെ രേഖങ്ങൾ ചേർത്തു പലരുടെയും പേരിൽ കോടികൾ ലോൺ എടുത്തതായും ആരോപിക്കുന്നു.
കോൺഗ്രസ് നേതാവായ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉൾപ്പെടെയുള്ളവർ സംഘത്തിനെതിരെ പരാതി നൽകി. എആറും അരുവിക്കര പോലീസും സംഘം സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ വളരെ അത്യാവശ്യമുള്ളവർക്ക് അടുത്ത മാസം ഒന്നു മുതൽ അഞ്ചുവരെ പണം തിരികെ നൽകാനും മറ്റുള്ളവർക്ക് ഘട്ടമായി തിരികെ നൽകാനും തീരുമാനമായി. കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ളതാണ് രാജീവ് ഗാന്ധി റസിഡൻസ് സഹകരണ സംഘം.