ഭാര്യയെ തീവച്ചു കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ഇരട്ട ജീവപര്യന്തം
1459670
Tuesday, October 8, 2024 6:59 AM IST
തിരുവനന്തപുരം: ഭാര്യയെ പെട്രോളൊഴിച്ചു തീവച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും ഒൻപതു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക തടവ് അനുഭവിക്കണം. വർക്കല നഗരൂർ വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന അജിയെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൻ മോഹൻ ശിക്ഷിച്ചത്.
മടവൂർ സീമന്തപുരം മയിലാടും പൊയ്കയിൽ വീട്ടിൽ അന്പിളി (33) യാണ് കൊല്ലപ്പെട്ടത്. 2017 ഫെബ്രുവരി 10നു പുലർച്ചെ നാവായിക്കുളം ചിറ്റായിക്കോട് ഉദയഗിരി ബീനാ ഭവനിലായിരുന്നു സംഭവം. അജിയുമായി അകന്നു കഴിയുകയായിരുന്ന അന്പിളി.
അജിക്കെതിരെ നേരത്തേ അന്പിളി പോലീസിൽ പരാതി നൽകിയിരുന്നു. അജിയെ ഭയന്നു ചിറ്റായിക്കോടുള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു അന്പിളി. ഈ വീട്ടിൽ അതിക്രമിച്ചു കയറിയ അജി കൂടെവരാൻ അന്പിളിയെ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ അടുത്ത വീടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കിൽനിന്നു പെട്രോളെടുത്ത് അന്പിളിയെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി പിഴ തുക ഒടുക്കിയാൽ അതിൽനിന്നു നാലര ലക്ഷം രൂപ വീതം കൊല്ലപ്പെട്ട അന്പിളിയുടെ മക്കളായ സോനക്കും സോനുവിനും നൽകാൻ കോടതി നിർദ്ദേശിച്ചു. പ്രോസീക്യൂഷനു വേണ്ടി അഡ്വ. കെ. വേണി ഹാജരായി.