പരിസ്ഥിതി-ശാസ്ത്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും
1459668
Tuesday, October 8, 2024 6:59 AM IST
തിരുവനന്തപുരം: കേരളത്തിലെ ഉരുൾപൊട്ടൽ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പങ്ക് എന്ന വിഷയത്തിൽ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, കേരള ദുരന്ത നിവാരണ അഥോറിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഇന്നു രാവിലെ 10.30നു വികാസ് ഭവനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പദ്മ ഹാളിൽ നടക്കും. കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി സുധീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ്‍ പ്രഫ. വി.കെ. രാമചന്ദ്രൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ ആവർത്തിച്ചുവരുന്ന മണ്ണിടിച്ചിലിന്റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂടുതൽ ഫലപ്രദമായ മാർഗങ്ങളിലേക്കു നയിച്ചേക്കാവുന്ന ആശയങ്ങൾ കൈമാറുകയെന്നതാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് ഡോ. കെ.പി. സുധീർ പത്രസമ്മേളനത്തിൽ അറിയിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി ശാസ്ത്ര രംഗത്തെ പ്രമുഖർ നയിക്കുന്ന ടെക്നിക്കൽ സെഷനുകൾ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, കെഎസ്ഡിഎംഎ മെന്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, കെഎസ്സിഎസ്ടിഇ മെന്പർ സെക്രട്ടറി ഡോ. എ. സാബു തുടങ്ങിയവർ പങ്കെടുക്കും. ഡോ. പി. ഹരിനാരായണൻ, ഡോ. സി. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.