തകർന്നു തരിപ്പണമായി മുള്ളൻച്ചാണി റോഡ്
1459527
Monday, October 7, 2024 6:38 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭയുടെ കൊടുങ്ങാനൂർ വാർഡിൽ ഉൾപ്പെടുന്ന മുള്ളൻച്ചാണി റോഡ് പൂർണമായും തകർന്ന നിലയിൽ. കടയിൽ മുടുമ്പ് ദേവീക്ഷേത്രത്തിൽ നിന്ന് മുള്ളൻച്ചാണിവഴി കൊടുങ്ങാനൂരിലേക്ക് പോകുന്ന അര കിലോമീറ്ററോളം വരുന്ന റോഡാണ് തകർന്നു കിടക്കുന്നത്. റോഡിന്റെ തകർച്ച തുടങ്ങിയത് മൂന്നുവർഷത്തിനു മുമ്പാണ്.
ഇപ്പോൾ ഇരുചക്രവാഹന യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ ആകാത്ത സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. റോഡ് തകർന്നു കുണ്ടും കുഴിയും ആയതോടെ ശക്തമായ മഴയിൽ വെള്ളം ഒഴിച്ച് ചാലുകൾ രൂപപ്പെട്ടു കിടക്കുകയാണ്. റോഡിന്റെ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർക്ക് നിരവധി പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
റോഡിന്റെ ഇരുവശത്തും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് താത്ക്കാലികമായി കുഴികൾ അടയ്ക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കിൽ ജനങ്ങളുടെ ദുരിതം കുറയ്ക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.