വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം : ഇന്നലത്തെ തെരച്ചിലും ഫലംകണ്ടില്ല
1459521
Monday, October 7, 2024 6:38 AM IST
പൂന്തുറ: ശക്തമായ തിരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവത്തില്‍ ഞായറാഴ്ച തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുല്ലുവിള കരിങ്കുളം കുളപ്പുര ഹൗസില്‍ ജോസിനെ (54) യാണ് കടലില്‍ കാണാതായത്.
വെള്ളിയാഴ്ച രാതി ഒമ്പതു മണിയോടുകൂടി പൂന്തുറ പനത്തുറ ഭാഗത്തുളള കടലിലാണ് അപകടം നടന്നത്. കരയില്‍നിന്ന് രണ്ടര നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. വെളളിയാഴ്ച വൈകിട്ടോടെ പുതിയതുറ കടപ്പുറത്തുനിന്നാണ് കാണാതായ ജോസിന്റെ വള്ളത്തില്‍ മൂന്നുപേരും മത്സ്യബന്ധനത്തിനായി പോയത്.
സംഭവം നടന്നയുടന്‍ ജോസിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഏറെ ദൂരം നീന്തിയശേഷം മറ്റൊരു വള്ളത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജോസ് അരമണിയ്ക്കൂറോളം കടല്‍ നീന്തിയെങ്കിലും കൈകാലുകള്‍ കുഴഞ്ഞു വെളളത്തില്‍ താഴുകയാണുണ്ടായത്.
ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തീരദേശ മേഖലകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ജോസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശനിയാഴ്ചത്തെ തെരച്ചിലില്‍ പനത്തുറ ഭാഗത്തുനിന്നും തകര്‍ന്ന വള്ളത്തിന്റെ ഭാഗങ്ങളും വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന രണ്ട് എന്‍ജിനുകളും പാറക്കുട്ടങ്ങള്‍ക്കിടയില്‍ അടിഞ്ഞനിലയില്‍ തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടുകൂടി കോസ്റ്റല്‍ പോലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ അപകടം നടന്ന സ്ഥലം മുതല്‍ തുമ്പ സെന്റ് ആന്‍ഡ്രൂസ് പ്രദേശങ്ങളിലും തീരദേശമേഘലകളിലും തെരച്ചില്‍ നടത്തിയതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് എസ്എച്ച്ഒ വി.എസ്. വിപിന്‍ അറിയിച്ചു. വൈകുന്നേരം ആറുമണിവരെ തെരച്ചില്‍ നടത്തിയെങ്കിലും സംഘം നിരാശയോടെ മടങ്ങുകയാണുണ്ടായത്.
ഇന്നു തെരച്ചിലിനായി നാവികസേനയുടെ ഹെലികോപ്റ്റര്‍ എത്തുമെന്നു ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട് തീരദേശ സേനക്കും വിവരം കൈമാറിയതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു.