കടയ്ക്കുള്ളിലും കാട്ടുപന്നി !
1459309
Sunday, October 6, 2024 6:00 AM IST
കാട്ടാക്കട: കാട്ടാക്കട ആമച്ചലിൽ ഇന്നലെ കൂട്ടമായെത്തിയ കാട്ടുപന്നികൾ പ്രദേശത്തെ കടകളിൽ കയറി നാശനഷ്ടം വരുത്തിയതായി കച്ചവടക്കാർ. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കാട്ടുപന്നികൾ കൂട്ടമായെത്തിയതോടെ നാട്ടുകാരും യാത്രക്കാരും ഭയന്നോടുകയായിരുന്നു. ഒന്നിനുപിറകേ മറ്റൊന്ന് എന്ന രീതിയിലാണ് പന്നികൾ എത്തിയത്. ഇവ റോഡ്സൈഡിലെ കടകളിലേക്കാണ് ആദ്യം കയറിയത്.
സമീപത്തെ വീടുകളിലേക്കു വിരണ്ട് ഓടിയെത്തിയ ചില കാട്ടുപന്നികൾ വീടുകളുടെ ടെറസിൽ വരെകയറി. ഇവയെ വിരട്ടി ഓടിക്കാൻ നാട്ടുകാർ നന്നേ പ്രയാസപ്പെട്ടു. സമീപത്തെ ചെരുപ്പുകടയിൽ കയറിയ പന്നിയുടെ ശരീരമാകെ വൃണങ്ങളായിരുന്നതായി വ്യാപാരികൾ പറയുന്നു.
കാട്ടുപന്നികൾ എവിടെ നിന്നും വന്നതെന്ന് ആർക്കും പറയാൻ കഴിയാത്ത അവസ്ഥയാണ്. നെയ്യാർ വനമേഖലയിൽ നിന്നും വളരെ അകലെയാണ് ആമച്ചൽ. സംഭവം വനംവകുപ്പിനെ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.