അപകടക്കുരുക്കായി വഴുതക്കാട്ടിൽ റോഡരികിലെ കേബിളുകൾ
1459307
Sunday, October 6, 2024 5:54 AM IST
പേരൂർക്കട: പൊതുജനങ്ങൾക്കും വാഹന യാത്രികർക്കും ദുരിതമായാ റോഡരികിലെ കേബിളുകൾ. വഴുതക്കാട് എം.പി അപ്പൻ റോഡിന് സമീപമാണ് കേബിളുകൾ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്നത്. റോഡിന്റെ പുനർനിർമാണം, കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ എന്നിവയുടെ ഭാഗമായി പണി തുടങ്ങിയതോടെയാണ് കേബിളുകൾ അപകടാവസ്ഥ സൃഷ്ടിക്കുന്ന നിലയിലായത്.
ടെലിഫോൺ കേബിളുകളും സ്വകാര്യ കമ്പനികളുടെ കേബിളുകളുമാണ് ഏറെയും. കലാഭവൻ തീയറ്ററിന് തൊട്ടുമുൻപുള്ള സിഗ്നൽ പോയിന്റിൽ നിന്ന് ആകാശവാണി ഭാഗത്തേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് കേബിളുകൾ കുരുക്കായി സ്ഥിതിചെയ്യുന്നത്. മണ്ണിനടിയിൽ സ്ഥാപിച്ചിരുന്ന കേബിളുകളും പുറത്തേക്ക് തള്ളിവന്നിട്ടുണ്ട്.
ഇവയെല്ലാം പോസ്റ്റുകൾക്ക് സമീപം കൂടിക്കിടക്കുന്നതാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. ഇരുചക്ര വാഹന യാത്രക്കാർ വഴുതക്കാട് നിന്ന് പൂജപ്പുര ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ ഇവ വാഹനത്തിൽ കുരുങ്ങാനുള്ള സാധ്യത കൂടുതലാണ്. കാൽനട യാത്രികർക്കും കേബിൾ കുരുക്ക് മറികടന്ന് വേണം മുന്നോട്ടുപോകാൻ.
വഴുതക്കാട് ആകാശവാണി റോഡിന്റെ പണി എന്ന് തീരും എന്ന കാര്യത്തിൽ അധികൃതർക്ക് തന്നെ ഉറപ്പില്ല. ഈ ഭാഗത്ത് റോഡ് കുഴിച്ച് സേഫ്റ്റി കോണുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കേബിളുകളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികൾ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
രാത്രികാലങ്ങളിൽ ഏതെങ്കിലും വിധത്തിൽ തെരുവുവിളക്കുകൾ പ്രകാശിക്കാതിരുന്നാൽ ഇതുവഴിയുള്ള യാത്ര വൻ അത്യാഹിതത്തിന് വഴിവയ്ക്കും.