മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അപമാനിക്കുന്നു: മുഖ്യമന്ത്രി
1459304
Sunday, October 6, 2024 5:54 AM IST
തിരുവനന്തപുരം: അമേരിക്കന്‍ താല്പര്യങ്ങള്ക്ക് വിധേയപ്പെട്ട മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദന് അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയുള്ള നിലപാടായിരുന്നു എക്കാലവും ഇന്ത്യ സ്വീകരിച്ചിരുന്നത്.
എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അമേരിക്കയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്. അമേരിക്ക മുഷിഞ്ഞ് നോക്കിയാല്‍ അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന അവസ്ഥയിലേക്ക് എത്തി.
രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചപ്പോള്‍ നേരെ നിന്ന് അഭിപ്രായം പറയാന്‍ ഇന്ത്യക്കായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അനുസ്മരണ പ്രഭാഷണം നടത്തി.
മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, കെ.എന്‍. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.