രാത്രിയില്‍ മിഴിയടച്ച് പാപ്പനംകോട് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നല്‍
1459092
Saturday, October 5, 2024 6:40 AM IST
നേമം: ആറുമാസത്തിലേറെയായി രാത്രിയില്‍ പ്രവർത്തിക്കാതെ കരമന കളിയിക്കാവിള പാതയില്‍ പാപ്പനംകോട് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നല്‍. സിഗ്നല്‍ തെളിയാത്തതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതും ഇവിടെ പതിവായിരിക്കുകയാണ്. അപകടങ്ങള്‍ വർധിച്ചിട്ടും പോലീസും റോഡ് സുരക്ഷ അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതുകാരണം മൂന്ന് വശത്തുനിന്നും വാഹനങ്ങള്‍ ഒരുമിച്ചെത്തിയാണ് അപകടമുണ്ടാകുന്നത്.
മലയിന്‍കീഴ് റോഡില്‍ നിന്നും വന്നുചേരുന്ന പാപ്പനംകോട്ട് ഭാഗത്തെ സിഗ്നല്‍ ലൈറ്റാണ് രാത്രിയില്‍ പ്രവര്‍ത്തിക്കാത്തത്. ഇതു കാരണം കരമന ഭാഗത്തു നിന്നും നേമം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും മലയിന്‍കീഴ് പാപ്പനംകോട് റോഡ് വഴി എത്തുന്ന വാഹനങ്ങളും ഒരുമിച്ചെത്തി അപകടങ്ങളുണ്ടാകുന്നു.
രാത്രിയായതിനാല്‍ കാല്‍നടക്കാരും ദുരിതത്തിലാണ്. ചീറി പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്കിടിയിലൂടെ കടന്നുപോകാനാകാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ആറു മാസമായി ഈ സ്ഥിതി തുടരുകയാണ്. സോളാര്‍ പാനലുള്ളതിനാല് പകല്‍ മാത്രമേ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടങ്ങള്‍ പെരുകിയിട്ടും സിഗ്നല്‍ ലൈറ്റ് തെളിക്കാന്‍ ദേശീയപാത അധികൃതരോ, പോലീസോ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. പല ദിവസങ്ങളിലും നീറമണ്‍കരയിലും കൈമനത്തും ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തിക്കാറില്ലെന്ന് പരാതിയുണ്ട്.