ശുദ്ധജല വിതരണ പദ്ധതി; ഒന്നാംഘട്ട പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു
1459083
Saturday, October 5, 2024 6:28 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂര്‍- കോട്ടുകാല്‍ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
പോങ്ങില്‍ ജലശുദ്ധീകരണ ശാലയുടെ പരിസരത്ത് നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ അനുമതി ലഭിച്ച കുടിവെള്ള പദ്ധതിക്ക് കിഫ് ബിയുടെ സഹായത്തോടെ 26 കോടി രൂപ ഫണ്ടും അനുവദിച്ചു.
ഡെന്നിസണ്‍ നാടാര്‍ അതിയന്നൂര്‍ പഞ്ചായത്തിന് സൗജന്യമായി നല്കിയ 65 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലായത്.
നെയ്യാറില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടില്‍ കിണറും പന്പ് ഹൗസും സ്ഥാപിച്ചു 150 എച്ച് പി പന്പ് ഉപയോഗിച്ച് ജലം പോങ്ങിലില്‍ എത്തിച്ചതിനുശേഷം പദ്ധതി പ്രകാരം നിര്‍മിച്ചിട്ടുള്ള അത്യാധുനികമായ 15 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10 ലക്ഷം ലിറ്ററിന്റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങല് ഗവ. എല്‍പി സ്കൂളില്‍ നിര്‍മാണത്തിലുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാധ്യമാക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.