കിള്ളിയാറിലും പരിസരപ്രദേശങ്ങളിലും സർവത്ര മാലിന്യം
1459077
Saturday, October 5, 2024 6:28 AM IST
പേരൂര്‍ക്കട: മാലിന്യക്കൂമ്പാരമായി കിള്ളിയാറും പരിസരവും. കിള്ളിയാര്‍ ഒഴുകുന്ന തൊഴുവന്‍കോട് പ്രദേശവും പരിസരവുമാണ് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അറവുശാല മാലിന്യവുമാണ് പ്രദേശത്ത് കുന്നുകൂടി കിടക്കുന്നത്.
മഴ ശക്തമായതോടെ മാലിന്യം ആറ്റിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം പലയിടത്തും ആറ്റിലൂടെ ഒഴുകിനടക്കുകയാണ്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സിസിടിവി കാമറ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടാകാം സാമൂഹിക വിരുധർ പ്രദേശത്ത് മാലിന്യങ്ങൾ സ്ഥിരമായി നിക്ഷേപിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
മരുതംകുഴി പാലത്തിനു താഴെ മാലിന്യം കൂമ്പാരം കൂടി കിടക്കുകയാണ്. ഇപോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. മാലിന്യ നിക്ഷേപം വർധിച്ചതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർധിച്ചു.
അധികൃതർ ഇടപെട്ട് പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.