ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം
1458853
Friday, October 4, 2024 5:27 AM IST
പോത്തൻകോട് : സ്കൂൾ വിദ്യാർഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം. പകൽസമയത്തും സമയ പരിമിതി ഇല്ലാതെയും കുട്ടികൾക്ക് കാർണിവൽ നഗരിയിൽ പ്രവേശിക്കാം. വിനോദത്തിനൊപ്പം വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന എഡ്യൂ-ഫെസ്റ്റിന്റെ പ്രയോജനം കൂടി വിദ്യാർഥികളിൽ എത്തിക്കാനാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.
സ്കൂളുകളില്‍നിന്നു ഗ്രൂപ്പായി ഫെസ്റ്റ് കാണുവാന്‍ എത്തുന്ന കുട്ടികൾക്ക് പ്രത്യേക പാസ് വേണ്ടതില്ല. പ്രധാനാധ്യാപകന്റെ കത്തു മതിയാകും. രക്ഷിതാക്കൾക്കൊപ്പം എത്തുന്നവർ ആധാർ, സ്കൂൾ ഐഡന്റിറ്റി കാർഡ് ഇവയിൽ ഏതെങ്കിലുമൊന്ന് കൈയിൽ കരുതണം. പ്ലസ്ടു വരെയുളള സ്കൂൾ കുട്ടികൾക്കാണ് സൗജന്യപ്രവേശനം ഉള്ളത്. ഗാന്ധിജയന്തിദിനത്തിൽ ഫെസ്റ്റിന്റെ വിളംബരമായതോടെ നിരവധിപേരാണ് ഫെസ്റ്റിലേക്കെത്തുന്നത്. തിരക്കു നിയന്ത്രിക്കാൻ സംഘാടകർ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു.
ഫെസ്റ്റിന്റെ മൂന്നാം പതിപ്പിൽ മുഴുവൻ വ്യത്യസ്തമായ കാഴ്ചകളാണ്. പ്രവേശനകവാടത്തിനടുത്തുള്ള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുള്ള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റു കൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.
പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ഹീലിംഗ് ഗാർഡൻ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും മോഡലുകൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം വിവിധ മേഖലകളെ സംബന്ധിച്ച് അറിവ് നേടാനുളള ഇടങ്ങളും ഫെസ്റ്റിലുണ്ട്.
കുഞ്ഞുമനസുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ് ഫെസ്റ്റ് കോ-ഓർഡിനേഷൻ ഓഫീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9207410326.