റോഡ് ഇടിഞ്ഞ് തോട്ടിൽ പതിച്ചു
1458847
Friday, October 4, 2024 5:20 AM IST
ശ്രീകാര്യം: കേരളാദിത്യപുരം കരിയം ശ്രീകാര്യം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നഗരസഭയുടെ ചെല്ലമംഗലം വാർഡിൽ ഉൾപ്പെടുന്ന കേരളാദിത്യപുരം ഒറ്റവീട് റോഡ് ഇടിഞ്ഞ് ആമയിഴഞ്ചാൻ തോട്ടിൽ പതിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ പെയ്ത കനത്ത മഴയിലാണ് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു റോഡ് തകർന്ന് തോട്ടിലേക്കു പതിച്ചത്.
വർഷങ്ങൾക്ക് മുൻപ് മേജർ ഇറിഗേഷൻ വകുപ്പ് കരിങ്കൽ കൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തിക്ക് കാലപ്പഴക്കം കൊണ്ടു സംഭവിച്ച ബലക്ഷയമാണ് റോഡ് തകരാൻ പ്രധാന കാരണം.
കഴിഞ്ഞ വർഷം തോടിന്റെ സംരക്ഷണ ഭിത്തിക്കുണ്ടായ ബലക്ഷയം കാരണം റോഡിൽ വിള്ളലുണ്ടായപ്പോൾ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതരെ ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി തവണ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ വാദം.
റോഡ് ഇടിഞ്ഞതോടെ സമീപത്തെ വീടുകളും അപകടാവസ്ഥയിലാണ്. തുടർച്ചയായി ഇടവിട്ട് പെയ്യുന്ന മഴയിൽ തോട്ടിലൂടെ വെള്ളം കുത്തിയൊലിക്കുമ്പോൾ റോഡിന്റെ ബാക്കി ഭാഗം ഇടിഞ്ഞു തോട്ടിൽ പതിച്ചാൽ സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുകയാണ്.