വയോജനങ്ങൾക്കൊപ്പം കളിയും ചിരിയുമായി പോലീസ്
1458339
Wednesday, October 2, 2024 6:36 AM IST
വെഞ്ഞാറമൂട്: ലോക വയോജന ദിനത്തിൽ കുറ്റിമൂട് സ്നേഹസ്പർശം കെയർ ഹോമിലെ വയോജനങ്ങൾക്കൊപ്പം കളിയും ചിരിയുമായി വെഞ്ഞാറമൂട് പോലീസ്. പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള സ്നേഹം പങ്കുവയ്ക്കലും, കളിയും, ചിരിയും, സംഗീതവുമൊക്കെയായി സന്തോഷ മുഹൂർത്തങ്ങളാണ് സ്നേഹ സ്പർശത്തിൽ പോലീസ് സമ്മാനിച്ചത്.
വെഞ്ഞാറമൂട് പോലീസും പിങ്ക് പോലീസും ചേർന്ന് സംഘടിപ്പിച്ച പരിപാടി വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഏകാന്തതയും, ഒറ്റപ്പെടൽ എന്ന ചിന്ത മാറ്റുവാനും മാനസിക ഉല്ലാസ പരിപാടികൾ കലാപരിപാടികൾ എന്നിവയിൽ ഏർപ്പെട്ട് മുതിർന്നവരെ ഊർജസ്വലരും സന്തോഷവാൻമാരുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹ സ്പർശത്തിലെ അമ്മമാർക്ക് പുതു വസ്ത്രങ്ങൾ പോലീസ് വിതരണം ചെയ്തു. വെഞ്ഞാറമൂട് സബ് ഇൻസ്പക്ടർ എസ്.എസ്.ഷാൻ, എസ്ഐമാരായ ഇർഷാദ്, ലീല, സിവിൽ പോലീസ് ഓഫീസർമാരായ അനുപമ, ഷംല, നാടൻപാട്ട് കലാകാരൻ സന്തോഷ് ബാബു, സ്നേഹ സ്പർശം ചെയർമാൻ ജലീൽ മാനേജിംഗ് ഡയറക്ടർ സുചിത്ര എന്നിവർ നേതൃത്വം നൽകി.