നവരാത്രി എഴുന്നള്ളത്തിന് തുടക്കം : പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി
1458308
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽനിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു.
തുടർന്നുദേവസ്വം മന്ത്രി വി.എൻ. വാസവൻ വാൾ ഏറ്റുവാങ്ങിയതിനുശേഷം ആചാരപ്രകാരം കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണന് കൈമാറി. എംഎൽഎ മാരായ സി.കെ ഹരീന്ദ്രൻ, എം. വിൻസന്റ്, കന്യാകുമാരി ജില്ലാ കളക്ടർ ആർ അളഗമീന, സബ്കളക്ടർ വിനയ് കുമാർ മീണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ .അജികുമാർ, ജി. സുന്ദരേശൻ എന്നിവർ സന്നിഹിതരായിരുന്നു.
കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിനുശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്കു നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തി. ഇന്നു രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ എന്നിവർ ചേർന്ന് വരവേൽക്കും. ഘോഷയാത്ര നാളെ വൈകുന്നേരം തിരുവനന്തപുരത്തെത്തും.
സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുന്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്.
കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.