എക്സൈസ് സംഘത്തിന്റെ വാഹനം തകർത്ത് മണ്ണെണ്ണയുമായി കടന്ന കേസിലെ പ്രതികൾ പിടിയിൽ
1454415
Thursday, September 19, 2024 6:27 AM IST
പൂവാർ: എക്സൈസ് സംഘത്തിന്റെ വാഹനത്തെ ഇടിച്ചു തകർത്ത് അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമിച്ച രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കിരാത്തൂർ പന്നിട്ടവിള വീട്ടിൽ റിയാ സ് (55), കിരാത്തൂർ വിളവംകോട് മാവുനിന്നവിള വീട്ടിൽ വിനീഷ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവർ കടത്തിക്കൊണ്ടുവന്ന 35-ലിറ്റർ കൊള്ളുന്ന 28-കന്നാസ് മണ്ണെണ്ണയും പിടിച്ചെടുത്തു. തീരപ്രദേശങ്ങളിൽ അമിതവിലയ്ക്കു വിൽക്കാനായി കൊണ്ടുവന്ന മണ്ണെണ്ണയാണിതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 10 മണിയോടെ കാരോട് ബൈപ്പാസിലൂടെ വന്ന വാഹനത്തെ എക്സൈസ് മൊബൈൽ സംഘം കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടെങ്കെിലും എക്സൈസ് വാഹനത്തെ ഇടിച്ചശേഷം നിർത്താതെ ഓടിച്ചുപോയി. വാഹന ത്തെ എക്സൈസ് സംഘം പിൻതുടർന്നു.
പൂവാർ റോഡിൽ പള്ളം ചന്തയ്ക്കു സമീപത്തുവച്ച് പ്രതികളുടെ വാഹനം മറ്റൊരു ബൈക്കും ഇടിച്ചു തെറിപ്പിച്ചു. ഇതേ തുടർന്നു നാട്ടുകാർ തടഞ്ഞു നിർത്തിയ വാഹനത്തെ പിന്നാലെവന്ന എക്സൈസ് സംഘം പിടിച്ചെടുക്കുകയായിരുന്നു. പ്രതികളിലൊരാളായ വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും സംഭവം അറിഞ്ഞെത്തിയ കാഞ്ഞിരംകുളം എസ്എച്ച്ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘം പിടികൂടുകയായിരുന്നു.
അനധികൃതമായി മണ്ണെണ്ണ കടത്തിക്കൊണ്ടുവന്നതിനും എക്സൈസ് വാഹനത്തിന് ഇടിച്ച് കേടുപാടുകൾ വരുത്തിയതിനും ഇരുവർക്കുമെതിരെ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.