വലിയശാലയിൽ തിരുവോണത്തിനും കുടിവെള്ളമില്ല
1453746
Tuesday, September 17, 2024 1:15 AM IST
പേരൂര്‍ക്കട: തിരുവോണത്തിനു മുമ്പ് വലിയശാല വാര്‍ഡില്‍ പൂര്‍ണതോതില്‍ കുടിവെള്ളമെത്തിക്കുമെന്നു വാക്കു നല്കിയ വാട്ടര്‍ അഥോറിറ്റി ഒടുവില്‍ പരാജയം സമ്മതിച്ച അവസ്ഥയിൽ. ഒന്നാം ഓണദിനമായ 14നും തുടര്‍ന്നങ്ങോട്ടും കുടിവെള്ളം മുട്ടിയ ദിനങ്ങള്‍ തന്നെയായിരുന്നു പ്രദേശവാസികള്‍ക്ക്.
അങ്ങനെ രണ്ടുമാസത്തോളം നീണ്ട കുടിവെള്ള യുദ്ധത്തില്‍ ആയുധം താഴെവച്ച് വാട്ടര്‍അഥോറിറ്റി പരാജയം സമ്മതിക്കുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ട് മടുത്ത ജനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പ്രക്ഷോഭം ആരംഭിക്കാമെന്ന അവസ്ഥയിലാണിപ്പോൾ.
വലിയശാല വാര്‍ഡില്‍ മാത്രമല്ല, നഗരസഭയുടെ പരിധിയിലുള്ള 90 ശതമാനം വാര്‍ഡുകളിലും കുടിവെള്ളം പൂര്‍ണതോതില്‍ എത്തിയിട്ടില്ല.
എന്നുള്ളതാണ് ഞെട്ടിക്കുന്ന അവസ്ഥ. വലിയശാലയില്‍ 2000-ഓളം കുടുംബങ്ങളാണ് നിലവിലുള്ളത്. കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിലും ഇനിയുള്ള കാലത്ത് രണ്ടുദിവസത്തിലൊരിക്കല്‍ പൈപ്പിലൂടെ വെള്ളമെത്തിക്കാമെന്നും അതു മുടങ്ങുന്ന അവസ്ഥകളില്‍ ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കാമെന്നും ഉറപ്പുനല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. വാര്‍ഡിലേക്കു പൈപ്പ് കടന്നുവരുന്ന ഭാഗത്തെ ഉയരവും അജ്ഞാതമായ സ്ഥലത്തെ പൈപ്പിലുണ്ടായ തടസവുമാണ് കുടിവെള്ളപ്രശ്നം രൂക്ഷമാക്കിയത്.
എന്നാല്‍ എല്ലായിടത്തും കുഴിക്കാനോ എവിടെയാണ് പൈപ്പിൽ തടസമെന്നോ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യയോ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് സൂചന. പൈപ്പിലെ തടസം കണ്ടെത്തിയ മേട്ടുക്കട ജംഗ്ഷനില്‍ ധൃതിയില്‍ പഴയതു മാറ്റി അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുകയുണ്ടായി.
എന്നിട്ടും ജലം ലഭ്യമാകാത്ത സാഹചര്യത്തിലാണ് വഴുതക്കാട് ഭാഗത്തുള്ള പൈപ്പ് ലൈനുമായി കണക്ട് ചെയ്ത് വലിയശാലയില്‍ രണ്ടുദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കാന് അധികൃതര്‍ തീരുമാനമെടുത്തത്. ഇതുതന്നെ എത്രനാള്‍ വിജയകരമായി നടത്തിക്കൊണ്ടുപോകുമെന്ന് ആര്‍ക്കും ഒരുറപ്പും നല്‍കാനാത്ത അവസ്ഥയാണ് നിലവിലുള്ളത്.