നാലാഞ്ചിറ ഇടവക മലങ്കര സഭയുടെ വലിയ കൂട്ടായ്മ: കര്‍ദിനാള്‍
1453745
Tuesday, September 17, 2024 1:15 AM IST
തിരുവനന്തപുരം: നാലാഞ്ചിറ ഇടവക സഭയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കൂട്ടായ്മയാണ് മലങ്കര കത്തോലിക്കാ സഭയെന്ന് മേജര്‍ അര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ കൂദാശയ്ക്കു ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദേവാലയ പുനര്‍നിര്‍മാണത്തിന് ഇടവകയിലെ അജഗണങ്ങള്‍ കാണിച്ച താല്പര്യവും കഠിനാധ്വാനവും വരും തലമുറയുടെ വിശ്വാസ ചൈതന്യത്തിന് മുതല്‍ക്കൂട്ടാകും. ഇടവക ജനങ്ങളുടെയും ഇടവക വികാരിയുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഈ ദേവാലയം ആത്മീയ ചൈതന്യത്തോടെ ഉയരുന്നതിനു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നാലാഞ്ചിറ കുരിശടി ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെയും ബിഷപ്പുമാരെയും ഇടവക വികാരിയും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവാലയത്തിന്റെ മൂറോന്‍ അഭിഷേക കൂദാശ നടന്നു. കുരിശടി, കൊടിമരം, പാരീഷ് ഹാള്‍ കൂദാശയും ഇതോടൊപ്പം നടന്നു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിന് ഇടവക വികാരി ഫാ. മാത്യു പാറക്കല്‍ ഒഐസി സ്വാഗതം ആശംസിച്ചു. ദേവാലയ നവീകരണനവതി സ്മാരക ഭവന സമര്‍പ്പണവും ഇതൊടൊപ്പം നടന്നു. സാഹിത്യകാരന് ഡോ.ജോര്‍ജ് ഓണക്കൂറിനെ ചടങ്ങില്‍ ആദരിച്ചു.വി.കെ. പ്രശാന്ത് എംഎല്‍എ, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ പൊളിക്കാര്‍പ്പസ്, മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ, ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്കോപ്പ, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ഗീവര്‍ഗീസ് മാത്യു കുറ്റിയില്‍ ഒഐസി, ബദനി മഠം സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ.ആര്‍ദ്ര എസ്ഐസി, വാര്‍ഡ് കൗണ്‍സിലര്‍ സുരകുമാരി, ജനറല്‍ കണ്വീണര് മാത്യുക്കുട്ടി വാലുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.