യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം: രണ്ടുപേർ പിടിയിൽ
1453318
Saturday, September 14, 2024 6:37 AM IST
കല്ലറ: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കല്ലറ താപസഗിരി ,ഷാനിഫ മൻസിലിൽ സിദ്ധിഖ് (26), കോട്ടൂർ,സുബീന മൻസിലിൽ അക്ബർ ഷാ (30) എന്നിവരെയാണ് പാങ്ങോട് പാലീസ് അറസ്റ്റു ചെയ്തത്.
മൂന്നിന് വൈകിട്ട് 5.30ന് കല്ലറ ദേശാഭിമാനി ജംഗ്ഷനിലായിരുന്നു സംഭവം.
കല്ലറ മിതൃമല സ്വദേശിയായ യുവാവിന്റെ താമസ സ്ഥലത്തിനടുത്തുള്ള പുരയിടത്തിൽ പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്.
ബൈക്കിൽ വന്ന യുവാവ് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രതികൾ യുവാവിന്റെ മുഖത്തിടിക്കുകയും ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ മുഖത്തിന് പരികേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുളത്തൂപ്പുഴ വനമേഖലയിൽ നിന്നും പിടികൂടുകയായിരുന്നു.
കാപ്പ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പിടിയിലായ പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.