സാംസ്കാരിക കേന്ദ്രങ്ങൾ സാധാരണ കലാകാരന്മാർക്കു വേണ്ടിയാവണം: അടൂർ
1453311
Saturday, September 14, 2024 6:21 AM IST
തിരുവനന്തപുരം: സാധാരണക്കാരായ കലാകാരുടെ കലാവതരണത്തിനു സഹായകരമായ സാംസ്കാരിക കേന്ദ്രങ്ങൾ കേരളത്തിൽ ഇന്നു ലഭ്യമല്ല എന്നു അടൂർ ഗോപാലകൃഷ്ണൻ. സർക്കാരിന്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ വൻ വാടക ഈടാക്കുന്നതിനാൽ അത്തരം കേന്ദ്രങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാണെന്നും വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കെപിസിസിയുടെ കലാ-സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ ഓണക്കോടി, സൂര്യ കൃഷ്ണമൂർത്തിക്കു സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അടൂർ. സൂര്യ കൃഷ്ണമൂർത്തിയുടെ തൈക്കാട്ടുള്ള വസതിയായ സൂര്യ ചൈതന്യയിലായിരുന്നു ചടങ്ങ്.
നാടക കലാകാരന്മാരുൾപ്പെടെയുള്ള കലാകാർക്കു റീഹേഴ്സൽ നടത്തുവാനോ കലകൾ അവതരിപ്പിക്കുവാനോ ആവശ്യമായ ഇടങ്ങളില്ല. തിരുവനന്തപുരം വിജെടി ഹാളിന്റെ പേരു സാധാരണക്കാരെ ഉദ്ധരിച്ച മഹാന്റെ പേരാക്കി മാറ്റിയെങ്കിലും അവിടെയും വലിയ വാടകയാണ് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾക്കു ഉത്തരേന്ത്യക്കാരുടെ തുണിത്തരങ്ങളും മറ്റും വില്‍ ക്കുന്ന കേന്ദ്രമായി ഹാൾ മാറിയിരിക്കുകയാണ്. കോടികൾ ചെലവഴിച്ച് കൊല്ലത്തു സർക്കാർ പണിത സാംസ്കാരിക സമുച്ചയത്തിനും വൻ വാടകയാണ്. ഏതെങ്കിലും തട്ടുപൊളിപ്പൻ പരിപാടികൾ മാത്രമേ സർക്കാരിന്റെ സമുച്ചയത്തിൽ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. അടൂർ വ്യക്തമാക്കി.
കലാ സാംസ്കാരിക സമുച്ചയം പണിയുന്പോൾ സാമാന്യ ജനതയെ കണക്കിലെടുത്തുള്ളതാവണം നിർമാണം. നമ്മുടെ നാടിനും കലയ്ക്കും വേണ്ടി സൂര്യ കൃഷ്ണമൂർത്തി നടത്തുന്ന കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സ്വന്തം വീടിന്റെ ഒരു ഭാഗമായ ഗണേശം നാടകം ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണ് സൂര്യ കൃഷ്ണമൂർത്തി എന്നു അടൂർ ചൂണ്ടിക്കാട്ടി. ചടങ്ങിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ നിർവഹിച്ചു.
കോണ്‍ഗ്രസിനു കലാ-സാംസ്കാരിക പാരന്പര്യമില്ല എന്ന അഭിപ്രായമാണു പൊതുവേ ഉള്ളത് എന്ന് മുൻ എംപി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ കെ.വി.കെ. പണിക്കരുടെ നേതൃത്വത്തിൽ നാടക സംഘം നിലനിന്നിരുന്നു എന്ന് കെ. മുരളീധരൻ പറഞ്ഞു. അച്ഛനുമൊത്ത് തൃശൂർ ടൗണ്‍ഹാളിൽ സംഘത്തിന്റെ നാടകം കാണുവാൻ പോയ ഓർമയും അദ്ദേഹം പങ്കുവച്ചു.
കലാപ്രവർത്തനങ്ങളുടെ കാര്യത്തിൽ സൂര്യ കൃഷ്ണമൂർത്തിക്കു ഉറച്ച നിലപാടുകൾ ഉണ്ട്. ആ നിലപാടുകളും ഉന്നതമായ ലക്ഷ്യവും സൂര്യയിൽ സാക്ഷാത്കരിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ജാതി മതങ്ങൾക്കതീതമായി ആഘോ ഷിക്കപ്പെടുന്ന ഓണം ലോകത്തിലെ തന്നെ വിഭിന്നമായ ഉത്സവമാണെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. ഗായകൻ പന്തളം ബാലൻ പാടിയ "ഉത്രാടപ്പൂനിലാവേ... 'എന്ന ഓണപ്പാട്ടോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി പ്രശസ്തി പത്രം സമർപ്പിച്ചു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തന്പാൻ, ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള, സാഹിതി ചന്ദ്രഭാനു, അനിൽ നെടുങ്ങോട്, ചെന്പഴന്തി അനിൽ, മീനന്പലം സന്തോഷ്, എസ്. കൃഷ്ണകുമാർ, വിനോദ് സെൻ രാജേഷ് മണ്ണാമൂല തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു സംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ സ്വാഗതം ആശംസിച്ചു. ഗായിക ലക്ഷ്മി ദേശഭക്തി ഗാനം ആലപിച്ചു.