നെയ്യാറ്റിന്‍കര നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം
1453027
Friday, September 13, 2024 6:09 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുണി, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് വേസ്റ്റ്, ട്യൂബ് ലൈറ്റ്, സിഎഫ്എല്‍- എല്‍ഇഡി ബൾബ്, ചില്ലു മാലിന്യം എന്നിവ ശേഖരിച്ച് ക്ലീന്‍ കേരള കന്പനിക്ക് കൈമാറാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഹരിതകര്‍മസേനയുടെ സഹായത്തോടെയാണ് ഈ പ്രവൃത്തികള്‍ നടത്തുന്നത്.
ആറാലുംമൂട്, ഓലത്താന്നി, പെരുന്പഴുതൂര്‍ മാര്‍ക്കറ്റുകളിലും അക്ഷയ കോംപ്ലക്സിലും 20ന് തുണിശേഖരണം നടക്കും. 23 ന് ഇതേ ഇടങ്ങളില്‍ ചെരുപ്പുകളും 27ന് ഇലക്ട്രോണിക് വേസ്റ്റ്, ട്യൂബ് ലൈറ്റ്, സിഎഫ്എല്‍-എല്‍ഇഡി ബൾബ് മുതലായവയും 30 ന് ചില്ലുമാലിന്യങ്ങളും ശേഖരിക്കാനാണ് തീരുമാനം. നഗരസഭ പരിധിയിലെ പൊതുമാര്‍ക്കറ്റുകള്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. 19ന് കൊടങ്ങാവിളയിലും 24ന് ഓലത്താന്നിയിലും 28ന് ടൗണ്‍ മാര്‍ക്കറ്റിലും ശുചീകരണ പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിലും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനവും നഗരസഭ നടപ്പാക്കും.
44 വാര്‍ഡുകളിലും ഹരിത കര്‍മസേനയുടെ സേവനം നൂറുശതമാനം ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് കൂട്ടപ്പന, വ്ളാങ്ങാമുറി എന്നീ വാര്‍ഡുകളെ തെരഞ്ഞെടുത്ത് പൈലറ്റ് പ്രവര്‍ത്തനം ആരംഭിക്കും. നഗരസഭയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ മിനി സിവില്‍ സ്റ്റേഷനും പരിസരവും ഒക്ടോബര്‍ ഒന്നിന് ശുചീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.