വിഴിഞ്ഞത്തടുക്കാൻ കപ്പലുകളുടെ നീണ്ടനിര; സുരക്ഷാ സംവിധാനം അപര്യാപ്തം
1453020
Friday, September 13, 2024 5:58 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി കൂറ്റൻ കപ്പലുകളുടെ ഒഴുക്ക് തുടരുമ്പോഴും അവയ്ക്ക് തീപിടിത്തമുൾപ്പെടെയുള്ള കാര്യങ്ങളിൽ സുരക്ഷയൊരുക്കാൻ ആകെയു ള്ളത് കണ്ടം ചെയ്യാറായ ഒരു ഫയർ എൻജിനും 4500 ലിറ്റർ വെള്ളവുംമാത്രം...!
അത്യാഹിതമുണ്ടായാൽ 400 മീറ്റർവരെ നീളത്തിലും അതിനനുസരിച്ചുള്ള പൊക്കത്തിലും കണ്ടെയ്നറുകളുമായി നിൽക്കുന്ന കൂറ്റൻ കപ്പലുകൾക്കടുത്തു നിൽക്കാനുള്ള യോഗ്യതപോലും വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ ഫയർഎൻജിന് ഇല്ലതാനും. ഫോഗ് ടെന്ററും ഓട്ടോമാറ്റിക് പമ്പിംഗ് ഉൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയിൽ ഫയർ റസ്ക്യൂ സംവിധാനവും വേണ്ടിടത്താണു പച്ചവെള്ളം നിറച്ച പരീക്ഷണം..!
അന്താരാഷ്ട്ര നിയമമനുസരിച്ച് തുറമുഖത്തിന്റെ ബർത്തിൽ കപ്പൽ അടുക്കണമെങ്കിൽ ഫയർ എൻജിന്റെ സാന്നിധ്യം ഉണ്ടാകണം. നിലവിലെ സാഹചര്യ ത്തിൽ ദിനംപ്രതി പന്ത്രണ്ടായിരം രൂപ ഫീസടച്ച് വിഴിഞ്ഞം ഫയർസ്റ്റേഷനൽനിന്ന് ഒരു യൂണിറ്റിനെ നിയോഗിക്കുകയാണ് ചെയ്യുന്നത്. ഫോഗ് ടെന്റർ സംവിധാനമില്ലാത്തതിനാൽ കന്നാസിൽ കെമിക്കൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിവ്.
ആവശ്യം വന്നാൽ ഇവടാങ്കിൽ കലക്കി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാർ. ടാങ്കിൽ വെള്ളം തീർന്നാൽ മറ്റെവിടെയെങ്കിലും പോയി നിറച്ചുകൊണ്ടുവരണമെന്ന പ്രത്യേകതയും ഇവിടെ മാ ത്രം. കണ്ടം ചെയ്യാറായ ഫയർ എൻജിനിലെ പൊട്ടിയപമ്പിനു പകരം മറ്റൊന്നു വച്ചുപിടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
ജീവനക്കാരില്ലാതെ നട്ടംതിരിയുന്ന ഫയർ സ്റ്റേഷനിൽനിന്ന് ആകെയുള്ള രണ്ടു യൂണിറ്റിൽ ഒരെണ്ണം തുറമുഖത്തേക്കുപോയതോടെ സ്റ്റേഷന്റെ പ്രവർത്തനവും താളം തെറ്റി. വിഴിഞ്ഞം ഫയർ സ്റ്റേഷൻ പരിധിയിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ മറ്റുസ്റ്റേഷനുകളുടെ സഹായം തേടെണ്ട അവസ്ഥയിലാണ്.
കൂടാതെ വമ്പൻ തുറമുഖം വരുമ്പോൾ വിദേശത്തുനിന്നുൾപ്പെടെ ആൾക്കാർ ഇവിടേക്ക് ഒഴുകും. വ്യത്യസ്ത സംസ്കാരത്തിലും ശൈലിയിലുംപെട്ടവർ എത്തുന്നയിടത്തെ ക്രമസമാധാനപാലനത്തിന് അസിസ്റ്റന്റ് കമ്മീ ഷണറിൽ കുറയാത്ത ഓഫീസറും അതിനനുസരിച്ച് പോലീസുകാരുമായുള്ള പുതിയ സ്റ്റേഷൻ സംവിധാനം വേണമെന്നുണ്ട്. പക്ഷേ, അതും നാളിതുവരെ ഫലം കണ്ടിട്ടില്ല.
വിഴിഞ്ഞം തീരദേശ സ്റ്റേഷൻ വളപ്പിൽ പുതിയ കെട്ടിടം പണിതെങ്കിലും പോലീസുകാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും ചർച്ചകളിൽ മാത്രം. ക്രമസമാധാനപാലനത്തിനു പോർട്ട് സ്റ്റേഷൻ എന്നപേരിൽ നിർമാണ ത്തിന്റെ തുടക്കത്തിൽ ഒരു പുതിയ പോലീസ് സ്റ്റേഷൻ അനുവദിച്ചു നൽകിയിരുന്നു.
ഒരു എസ്ഐയുടെ മേൽനോട്ടത്തിലുള്ള സ്റ്റേഷൻ അദാനിക്കാർ നൽകിയ ഒരു കണ്ടെയ്നറിൽ കുറെക്കാലം പ്രവർത്തിച്ചു. എന്നാൽ നിലവിൽ ഉണ്ടായിരുന്ന സ്റ്റേഷനുകളിൽ പോലുംദൈനംദിന പ്രവർത്തനത്തിന് ആവശ്യമായപോലീസുകാർ ഇല്ലാതെ വന്നു. ഒടുവിൽ പോർട്ട് സ്റ്റേഷനിൽനിന്ന് ഓരോരുത്തരെയായി മാറ്റി സ്റ്റേഷൻ തന്നെ ഇല്ലാതാക്കി.
വികസിച്ചുവരുന്ന വിഴിഞ്ഞം മുഖത്തിന്റെ പതിവുസുരക്ഷാ വിലയിരുത്തൽ ഇന്നലെയും തുറമുഖത്തിനുള്ളിൽ നടന്നു. ക്രമസമാധാന ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി, എസി, ജില്ലാ സ്പെഷൽ ബ്രാഞ്ച് എസി, ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ വിപുലമായ യോഗമാണ് നടന്നത്.