ജമന്തി വസന്തമൊരുക്കി ജനത സ്കൂളിലെ ഓണം
1452771
Thursday, September 12, 2024 6:48 AM IST
വെഞ്ഞാറമൂട് : തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നത് ജമന്തി പൂക്കളുടെ വസന്തമൊരുക്കിയായിരുന്നു. "ഒരു വല്ലം പൂവും കൊണ്ടേ പൊന്നോണത്തിന് വരവേൽപ്പ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ജൈവവൈവിധ്യ ക്ലബും ഇക്കോ ക്ലബും ചേർന്നാണ് രണ്ടു പൂന്തോട്ടങ്ങൾ ഒരുക്കിയത് .
സ്കൂൾ പ്രഥമാധ്യാപകൻ പ്രദീപ് നാരായണനാണ് ബംഗളൂരുവിൽനിന്ന് ഹൈബ്രിഡ് ജമന്തി തൈകൾ സംഘടിപ്പിച്ചു നൽകിയത്. പുല്ലമ്പാറ പഞ്ചായത്തംഗം റാണിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണു കൃഷിക്ക് വേണ്ടിയുള്ള ഭൂമിയൊരുക്കിയത്. തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് തൈകൾ നട്ടു. ജൈവവൈവിധ്യ ക്ലബിലെയും എക്കോ ക്ലബിലെയും കുട്ടികൾക്കായിരുന്നു പരിപാലനത്തിന്റെ ചുമതല.
പൂക്കളുടെ വിളവെടുപ്പ് ഉത്സവം എ.എ. റഹീം എംപി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ അധ്യക്ഷനായിരുന്നു. പ്രദീപ് നാരായണൻ, ഹേന സേതുദാസ്, മുജീബ് ആനക്കുഴി, അദീബ അൻവർ, വിജയൻ പുല്ലമ്പാറ, എം.എസ്. രേഖ,അജിത തുടങ്ങിയവർ പങ്കെടുത്തു.
തോട്ടം നന്നായി പരിപാലിക്കാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച അർജുൻ, സബിൻ എന്നീ വിദ്യാർഥികൾക്കും തോട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എം.എസ്. രേഖ യ്ക്കും എംപി ഉപഹാരങ്ങൾ സമ്മാനിച്ചു. ഓർഡർ അനുസരിച്ച് പൂക്കൾ പുറത്തു നൽകി വരികയാണ്. സ്കൂളിലെ അത്തപൂക്കളം ഒരുക്കാനും ഈ പൂക്കൾ തന്നെ ഉപയോഗിക്കും.