പുതിയ ചലച്ചിത്ര ഗാനങ്ങൾ സംസ്കാരത്തിനു നേരെയുള്ള വെല്ലുവിളി: ടി.പി. ശാസ്തമംഗലം
1452222
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: സിനിമാ ഗാനങ്ങൾ പരാജയത്തിന്റെ പടുകുഴിയിൽ ആണ്ടു പോകുന്ന കാലയളവാണ് ഇതെന്നു ചലച്ചിത്ര ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം. മികച്ച ഗാനരചയിതാവിനു ഇപ്പോൾ സംസ്ഥാന സർക്കാർ നല്കി വരുന്ന പുരസ്കാരം നിർത്തലാക്കണമെന്നും ടി.പി. ശാസ്തമംഗലം ചൂണ്ടിക്കാട്ടി.
വേക്കപ് കൾച്ചറൽ ഫോറം, ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രയംബകം ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുയായിരുന്നു അദ്ദേഹം. മുതിർന്ന ചലച്ചിത്ര ഗായികമാരായ സി.എസ്. രാധാദേവി, ലളിതാതന്പി, പദ്മിനി വാര്യർ എന്നിവരെ ആദരിക്കുന്ന ചടങ്ങായ ത്രയംബകം ഭാരത് ഭവനിലെ ശെമ്മാങ്കുടി ഹൈക്യൂ തീയറ്ററിൽ നടന്നു.
ത്രയംബകത്തിന്റെ ഉദ്ഘാടനവും ആദരവ് സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ സി.എസ്. രാധാദേവി, പദ്മിനി വാര്യർ എന്നിവരെ ഡെപ്യൂട്ടി സ്പീക്കർ പൊന്നാട ചാർത്തി ആദരിച്ചു. ലളിതാതന്പിക്കു വേണ്ടി മകനും പിന്നണി ഗായകനുമായ ജി. ശ്രീറാം ആദരവ് ഏറ്റുവാങ്ങി.
ഗാനമേള രംഗത്ത് 50 വർഷം പിന്നിട്ട ഗായിക സിന്ധു പ്രതാപിനെ ആദരിക്കുന്ന ചടങ്ങും തത്സമയ ഗാനരചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ് കാര വിതരണവും നടന്നു. വേക്കപ്പ് കൾച്ചറൽ ഫോറം സെക്രട്ടറി രമേഷ് ബിജു ചാക്ക, മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ, എൻ.പി. മഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വേക്കപ്പ് കൾച്ചറൽ ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം സ്വാഗതവും ട്രഷറർ മഹേഷ് ശിവാനന്ദൻ നന്ദിയും പറഞ്ഞു.