ഉള്ളം നിറഞ്ഞ് പാടാൻ മോഹം...
1452221
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: സിനിമയിൽ പാടുവാൻ സാധിച്ചത് ഇന്നും ഒരത്ഭുതമായിട്ടാണ് കാണുന്നതെന്ന് ഇന്നലെയുടെ മധുരനാദം പദ്മിനി വാര്യർ. വേക്കപ് കൾച്ചറൽ ഫോറത്തിന്റെ ആദരവ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു ഗായിക.
""എനിക്കു എത്തിപ്പെടുവാൻ കഴിയാത്ത ഒരു ലോകമായിരുന്നു സിനിമ. ആ ലോകത്തിലേക്കു എത്തുവാൻ കഴിഞ്ഞത് ഗുരുനാഥനായ കെ. രാഘവൻ മാസ്റ്റർ കൈപിടിച്ചു കൂട്ടിയത് കൊണ്ടാണ്''... കെ. രാഘവന്റെ സംഗീതത്തിൽ ബ്രഹ്മാനന്ദനോടൊപ്പം നിർമാല്യത്തിലെ പ്രശസ്തമായ ശ്രീമഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട്... എന്ന ഗാനം പാടിയ പദ്മിനി വാര്യർ പറഞ്ഞു.
കർണാടക സംഗീതം കെ. രാഘവൻ മാസ്റ്ററിന്റെ കീഴിലും പിന്നീട് ചേർത്തല ഗോപാലൻ നായർ സാറിന്റെ കീഴിലും പഠിച്ചിട്ടുണ്ട്.
ആറു വർഷം മുന്പ് വരെ ആകാശവാണിയിൽ ലളിതഗാനങ്ങൾ ആലപിച്ചിരുന്നു. എന്നാൽ തൊണ്ടയിൽ നടന്ന ശാസ്ത്രക്രിയയ്ക്കു ശേഷം പാടുവാൻ കഴിയുന്നില്ല. ഇന്നു മറ്റുള്ളവർ പാടുന്നത് കേൾക്കുന്പോൾ ആസ്വദിക്കുന്നതിനെക്കാൾ അധികം പാടുവാൻ കഴിയാത്തതിലുള്ള സങ്കടമാണ്; കണ്ണീരാണ് ഉള്ളിൽ നിറയുന്നതെന്നും പദ്മിനി വാര്യർ പറഞ്ഞു.
ഭർത്താവും ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥനുമായ പ്രഭാകര വാര്യർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് പദ്മിനി വാര്യർ ചടങ്ങിൽ എത്തിയത്.