കെഎസ്യു കോര്പറേഷന് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
1452218
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: കെഎസ്യു നടത്തിയ കോര്പറേഷന് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും സര്‍വകലാശാല- സ്കൂള്‍ പരീക്ഷകള്‍ അടക്കം മാറ്റി വെയ്ക്കേണ്ട സാഹചര്യം ഉണ്ടായത്തിലും പ്രതിഷേധിച്ചാണ് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ ഉപരോധിച്ചത്.
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യാതൊരുവിധ മുന്‍കരുതലുകളും എടുക്കാതെ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി ജനജീവിതം താറുമാറാക്കിയ മേയര്‍ ആര്യ രാജേന്ദ്രന് രാജിവയ്ക്കണം.
ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ടു നിരന്തരമായി വീഴ്ചകള്‍ മാത്രം വരുത്തുന്ന മന്ത്രി റോഷി അഗസ്റ്റിന് രാജിവെക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈജു കാസ്ട്രോ, അഷ്കര്‍ നേമം തുടങ്ങിയവര്‍ നേതൃത്വം നല്കി.