മന്ത്രി റോഷി അഗസ്റ്റിന് രാജി വയ്ക്കണം: എം.എം. ഹസന്
1452217
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങളുടെ കുടിവെള്ളം തുടര്‍ച്ചയായി അഞ്ചു ദിവസം മുട്ടിച്ചതില്‍ മന്ത്രി റോഷി അഗസ്റ്റിന് കുറ്റസമ്മതം നടത്തിയാല്‍ പോര അന്തസുണ്ടെങ്കില്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. നഗരസഭയില്‍ ഡിസിസി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. പത്മകുമാര്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
24 മണിക്കൂര്‍ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പു കൊടുത്തിരുന്ന ജലവിതരണ വകുപ്പ് നാലു ദിവസം പിന്നിട്ടിട്ടും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാത്തതിന്റെ ഉത്തരവാദിത്വം വകുപ്പു മന്ത്രിക്ക് തന്നെയാണ്. നഗരത്തിലെ പ്രധാന വീഥിയിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കം നടത്തുകയോ സാങ്കേതിക വൈദഗ്ദ്യമുള്ളവരുടെ സേവനം ഉറപ്പാക്കുകയോ വകുപ്പ് മേധാവികള്‍ ചെയ്തില്ല.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകീകരണത്തിനായി മന്ത്രി ഇടപ്പെട്ട് ഒരു കൂടിയാലോചനപോലും നടത്തിയിരുന്നില്ലെന്നും ഹസന് കുറ്റപ്പെടുത്തി. തലസ്ഥാനത്തെ ഭരണകക്ഷി എംഎല്‍എ പോലും വിഷയത്തെ തികഞ്ഞ അനാസ്ഥയെന്ന് വിശേഷിപ്പിക്കേണ്ടി വന്നതു സംഭവത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. പൈപ്പിലൂടെ ജലവിതരണം മുടങ്ങിയാല്‍ നഗരത്തില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിക്കേണ്ട ഭരണകൂടം കാര്യക്ഷമത കാട്ടിയില്ല.
മേയര്‍ നാലാം ദിവസം രാത്രി സംഭവസ്ഥലം സന്ദര്‍ശിച്ചാല്‍ മതിയോ? വെള്ളം എത്തിക്കാന്‍ സംവിധാനം ഒരുക്കണ്ടേ. 40 വര്‍ഷത്തിലേറെയായി നഗരം ഭരിക്കുന്ന ഇടതുപക്ഷത്തിന് ആവശ്യത്തിനു ടാങ്കര്‍ ലോറി സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. ആകെയുള്ളതു രണ്ട് ടാങ്കര്‍ ലോറികളാണ്. 44 വാര്‍ഡുകളില്‍ ഒരേ സമയം ജലവിതരണം മുടങ്ങിയാല്‍ ഈ സംവിധാനത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നും ഹസന് ചോദിച്ചു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, കെപിസിസി ഭാരവാഹികളായ ജി.എസ്. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.