പാപ്പനംകോട് പൂഴിക്കുന്നില്‍ ഇത്തവണയും വലിയ പൂക്കളമൊരുക്കി
1451922
Monday, September 9, 2024 7:09 AM IST
നേമം: പാപ്പനംകോട് പൂഴിക്കുന്നില്‍ പതിവ് തെറ്റിക്കാതെ പൗരസമിതിയുടെ നേതൃത്വത്തില്‍ പൂക്കളും ഇലകളും മാത്രം ഉപയോഗിച്ചുള്ള വലിയ പൂക്കളം ഇത്തവണയും വലിപ്പത്തില്‍ ഒന്നാമതായി.
മതമൈത്രയിലൂടെ വൈവിധ്യ ചിത്രങ്ങള്‍ ഇതിനോടകം അത്തക്കളത്തില്‍ ഇടംപിടിച്ചു. ഇരുപതടി നീളവും പതിനഞ്ചടി വീതിയുമുള്ള വലിയ പൂക്കളം ജില്ലയില്‍ തന്നെ ഏറ്റവും വലിയ അത്തപൂക്കളമാണെന്നു സംഘാടകര്‍ അവകാശപ്പെടുന്നു. എല്ലാവര്‍ഷവും വലിയ പൂക്കളമൊരുക്കുന്നതിനാല് ആദ്യദിവസം മുതല്‍ തന്നെ വലിയ ജനശ്രദ്ധയാണ് പൂഴിക്കുന്നിലെ പൂക്കളത്തിനു ലഭിക്കുന്നത്.
അത്തമൊരുക്കാന്‍ ആവശ്യമായ പൂക്കള്‍ തോവാളയില്‍ നിന്നാണ് എത്തിക്കുന്നത്. ഒരോ ദിവസത്തേയും പൂക്കളങ്ങള്‍ നാട്ടുകാരിലാരെങ്കിലും സ്പോണ്സര് ചെയ്യുകയാണ് പതിവ്. രാത്രി 12നുശേഷം ആരംഭിക്കുന്ന അത്തമൊരുക്കല് പുലര്‍ച്ചെവരെ നീളും. കൃത്രിമമായ പൊടികളും മറ്റും ഉപയോഗിക്കാതെ പൂവും ഇലയുംമാത്രം കൊണ്ടു തയാറാക്കുന്ന അത്തക്കളത്തില്‍ ഒരു വശം പൂക്കളവും മറുവശത്ത് സ്പോണ്‍സറുടെ താല്പര്യമനുസരിച്ചുള്ള ചിത്രവുമായിരിക്കും. ചിത്രങ്ങള്ക്കുനിറം പകരാന്‍ ഓരോ നിറത്തിലുള്ള പൂക്കളാണ് ഉപയോഗിക്കുന്നത്.
അത്തത്തിന് തുടക്കം കുറിച്ച് ആദ്യ ദിവസം ശിവനും പാര്‍വതിയുമാണ് പൂക്കളില്‍ വിടര്‍ന്നത്. പൗരസമിതി അംഗങ്ങളുടെ ഭാവനയില്‍ വിരിയുന്ന ഡിസൈനുകളാണ് പൂക്കളത്തില്‍ തെളിയുന്നത്. പൂഴിക്കുന്ന് പൗരസമിതിയുടെ 37-ാമത് ഓണാഘോഷമാണ് ഇത്തവണ നടക്കുന്നത്.
കലാസാംസ്കാരിക സമ്മേളനവും ഓണക്കിറ്റ് വിതരണവുമടക്കം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ രൂപമായി രുന്നു ഇന്നലെ പൂക്കളത്തില്‍.