പൊറുതിമുട്ടി തലസ്ഥാനം; വെള്ളമില്ലാതെ നാല് രാപകലുകൾ
1451916
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: നാലു ദിവസമായി നഗരവാസികളെ പൊറുതിമുട്ടിച്ച കുടിവെള്ള പ്രതിസന്ധിക്കു പരിഹാരമായി. ഇന്നലെ രാത്രി പത്തരയോടെ പന്പിംഗ് പുനരാരംഭിച്ചതിനെ തുടർന്നാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടിത്തുടങ്ങിയത്. രാവിലെയോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തുമെന്നും ഉച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നും അധികൃതർ അറിയിച്ചു.
മുഴുവൻ പ്രദേശങ്ങളിലും രാത്രി തന്നെ വെള്ളമെത്തിക്കാൻ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ 500 എംഎം, 700 എംഎം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയെ തുടർന്നാണ് കഴിഞ്ഞ നാലുദിവസമായി നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയത്. ഇതോടെ കുടിവെള്ള വിതരണം പൂർണമായി തടസ്സപ്പെട്ട 33 കോർപ്പറേഷൻ വാർഡുകളിലും ഭാഗികമായി തടസ്സപ്പെട്ട 11 കോർപ്പറേഷൻ വാർഡുകളിലും ജനം ദുരിതത്തിലായി. വെള്ളമില്ലാതെ വലഞ്ഞതോടെ ജനം ബന്ധുവീടുകളിലേക്ക് താമസം മാറ്റി. സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ഇന്നലെ രാത്രിയായിട്ടും ജലവിതരണം പുനരാരംഭിക്കാനായില്ല. ഇന്നലെ രാവിലെയോടെ ജലവിതരണം സാധാരണ നിലയിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നൽകിയ ഉറപ്പ്. എന്നാൽ ഞായറാഴ്ച ദിവസമായ ഇന്നലെയും ജനം വെള്ളം കിട്ടാതെ വലഞ്ഞു. നിരവധിയാളുകൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയപ്പോൾ മറ്റു ചിലർ ഹോട്ടലുകളിൽ റൂമെടുത്തു താമസം മാറ്റി.
നഗരസഭയ്ക്കു മുന്നിൽ മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിലടക്കം രാത്രി വൈകിയും പ്രതിഷേധ സമരമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജലവിഭവ വകുപ്പു മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി.
നഗരസഭ 10 ടാങ്കറുകളിൽ ശുദ്ധജലവിതരണം നടത്തിയെങ്കിലും ഇത് ദാഹമകറ്റാൻ പോലും പര്യാപ്തമായിരുന്നില്ലെന്നു നഗരവാസികൾ പറഞ്ഞു. ഇന്നലെ രാവിലെയോടെ പന്പിംഗ് പുനരാംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതിന്റെ ആശ്വാസത്തിലായിരുന്നു ജനങ്ങൾ. എന്നാൽ ഉച്ചകഴിഞ്ഞിട്ടും വെള്ളമെത്താതായതോടെ പ്രതിസന്ധി രൂക്ഷമായി.
മന്ത്രി വി. ശിവൻകുട്ടിയും മേയർ ആര്യ രാജേന്ദ്രനും അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് പൈപ്പ് മാറ്റുന്ന ജോലികൾ വേഗത്തിലാക്കാൻ ഇടപെടലുകൾ നടത്തി. എന്നാൽ അറ്റകുറ്റപ്പണികൾക്കിടെ പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയത് കൂടുതൽ വെല്ലുവിളിയായി. രാത്രി വൈകിയാണ് വാൽവിൽ പൈപ്പ് ഘടിപ്പിക്കാനായത്. ഇതിനു പിന്നാലെയാണ് പന്പിംഗ് ആരംഭിച്ചത്. തുടർന്ന് 11.45 ഓടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെ മാത്രമേ ജലവിതരണം പൂർവസ്ഥിതിയിലാകൂ.
പ്രവൃത്തി നീണ്ടത് അപ്രതീക്ഷിത തടസങ്ങള്‍മൂലം: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പഴയപടിയാകും. രാത്രി 10 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.
ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെ തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നത്. ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.