നന്തന്‍കോട് ജെറുസലേം മാര്‍ത്തോമാപള്ളി നടത്തിയത് ചരിത്രപരമായ പൂര്ത്തിയാക്കലുകള്: കര്‍ദിനാള്‍
1451915
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: നന്തന്‍കോട് ജെറുസലേം മാര്‍ത്തോമാപള്ളി നടത്തിയത് ചരിത്രപരമായ പൂര്ത്തിയാക്കലുകളെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നന്തന്‍കോട് ജെറുസലേം മാര്ത്തോമാപള്ളിയുടെ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെക്കന്‍ തിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങള്‍ക്കു ബലം നല്കിയ ഇടവകയാണ് നന്തന്‍കോട് ജെറുസലേം മാര്ത്തോമാപള്ളിയെന്നും അദ്ദേഹം പറഞ്ഞു.
സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച പൊതുസമ്മേളനം തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലെക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന് സുവര്‍ണജൂബിലി കാരുണ്യ പദ്ധതികളും വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖം എംഡി ഡോ. ദിവ്യ എസ്. അയ്യര്‍ സുവര്‍ണജൂബിലി വൈദ്യസഹായ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. മനോജ് ഇടിക്കുള സ്വാഗതം ആശംസിച്ചു. പാരീഷ് സെക്രട്ടറി പി.എം.ജോണ്‍ റിപ്പോര്‍ട്ട് വായിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിദ്യാഭ്യാസത്തിനും ജോലിക്കുമായി വന്നു താമസമാക്കിയ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കുമായി ആരംഭിച്ചതാണ് നന്തന്‍കോട് ജെറുസലേം മാര്‍ത്തോമാപള്ളി. പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഭാഗമായിരുന്നെങ്കിലും 1965 ല്‍ ഡോ. യുഹാനോന്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത ആശീര്‍വദിച്ച കുര്ബാനയോടു കൂടി നന്തന്‍കോട് സീയോന് ഹാളില്‍ ആരംഭിച്ച ആരാധനാകൂട്ടായ്മയായാണ് ഇടവകയുടെ തുടക്കം.
1975 ല്‍ സമ്പൂര്‍ണ ഇടവകയായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ 442 കുടുംബങ്ങളും രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്.