നിയുക്തി ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു: സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തൊഴിൽരംഗം ശക്തിപ്പെടുത്തണം: മന്ത്രി
1451631
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തൊഴിൽരംഗം ശക്തിപ്പെടുത്തണമെന്നും ഈ ലക്ഷ്യത്തോടെയാണു സർക്കാർ സൗജന്യ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വഴുതക്കാട് വിമൻസ് കോളജിൽ സംഘടിപ്പിച്ച "നിയുക്തി 2024' മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസം, തൊഴിൽ, ശാസ്ത്രം, സാങ്കേതികം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ കേരളം മികവു പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തരം മുന്നേറ്റങ്ങൾക്കൊപ്പം തന്നെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കേരളം ബദ്ധശ്രദ്ധരാണെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ - സാങ്കേതിക രംഗങ്ങളിൽ ദ്രുതഗതിയിലുണ്ടായ വളർച്ച തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതകളനുസരിച്ച് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആന്റണിരാജു എംഎൽഎ അധ്യക്ഷനായിരുന്നു. വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, എംപ്ലോയ്മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹൻദാസ്, തിരുവനന്തപുരം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജി.ഡി. അശ്വതി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.