ജമന്തിക്കൃഷി വിളവെടുപ്പ് ആഘോഷമായി
1451628
Sunday, September 8, 2024 6:16 AM IST
നെയ്യാറ്റിന്‍കര: പൂവേ പൊലി പൂവേ പൊലി പാട്ടിന്റെ ഈരടിയുടെ പശ്ചാത്തലത്തില്‍ അതിഥികള്‍ ഗവ. ടിടിഐ യിലെ ജമന്തി പൂന്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കു ചേര്‍ന്നു. സമീപത്തെ വിദ്യാലയങ്ങളിലേക്കുംമറ്റും ഓണാഘോഷത്തിന് ജമന്തി പൂക്കള്‍ നല്‍കാനുള്ള തീരുമാനത്തിലാണ് ടിടിഐ അധികൃതര്‍.
നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും ഊരൂട്ടുകാല ഗവ. ടിടിഐ യുടെയും സംയുക്താഭിമുഖ്യത്തില്‍ പരീക്ഷണാര്‍ഥം നടത്തിയ പൂകൃഷി വിജയകരമായതിന്റെ സന്തോഷം കാന്പസിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കായിരുന്നു.
ഒരുമയുടെ ഓണക്കളങ്ങള്‍ക്കായി ജമന്തി പൂക്കളുടെ വസന്തോത്സവം വിരിയിച്ച അധ്യാപക വിദ്യാര്‍ഥികളെ കെ. ആന്‍സലന്‍ എംഎല്‍എ യും നഗരസഭ ചെയര്മാന് പി.കെ രാജമോഹനനും അനുമോദിച്ചു. വിളവെടുപ്പുത്സവം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായി. പൂക്കളുടെ വിളവെടുപ്പിനു ശേഷം ഇതേയിടത്തു സൂര്യകാന്തി പാടം ഒരുക്കുന്നതു പരിഗണനയിലാണെന്ന് കൃഷി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.