ഓണത്തിനും ഓടാതെ ഓടങ്ങള്‍
1451105
Friday, September 6, 2024 6:42 AM IST
പാറശാല: ഗ്രാമീണ മേഖലകളിലെ നെയ്ത്ത് ശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധികളിൽ. സ്വകാര്യ കൈത്തറി ഉടമകള്‍ക്ക് വേണ്ടത്ര ഊടും പാവും ലഭിക്കാത്തതും നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ക്ക് വേണ്ടത്ര വിപണി ലഭിക്കാത്തതുമാണ് നെയ്ത്ത് മേഖലയിലെ പ്രതിസന്ധിക്കു കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
സ്വന്തമായി നെയ്ത്ത് വ്യവസായം നടത്തുന്നവര്‍ക്ക് കടകമ്പോളങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ ഇടനിലക്കാര്‍ വഴിയാണ് അവ വിപണിയില്‍ എത്തുന്നത്. ഇതു കാരണം നല്ലൊരു തുക ഇടനിലക്കാര്‍ ഈടാക്കുന്നതും നെയ്ത്ത് തൊഴിലാളികളെ സാരമായി ബാധിക്കാന്‍ കാരണമാകുന്നു.
ഗ്രാമീണ മേഖലകളില്‍ ഉണക്കപ്പാവ് കൊണ്ടാണ് നെയ്ത്ത് നടക്കുന്നത്. പവര്‍ ലൂം , സ്പിന്നിംഗ് തുടങ്ങിയവരുടെ കടന്നുകയറ്റവും ഗ്രാമീണ കൈത്തറി തൊഴിലാളികളെ കഷ്ടത്തിലാക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. കൈത്തറി മേഖലയില്‍ പുതുതായി തൊഴിലാളികള്‍ എത്താത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ കൈത്തറി മേഖല രണ്ടാം സ്ഥാനത്താണ്. പവര്‍ ലൂം, സ്പിന്നിംഗ് മേഖല എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വ്യവസായം.
സംസ്ഥാനത്തെ കൈത്തറി വ്യവസായത്തില്‍ ഒന്നാമതാണ് തിരുവനന്തപുരം ജില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, കാസര്‍കോട് തുടങ്ങിയ ജില്ലകളാണ് പിന്നിലുള്ളത്.
കൈത്തറിയുടെ 96 ശതമാനവും ഉള്‍ക്കൊള്ളുന്ന സഹകരണ മേഖലയിലാണ്. ശേഷിക്കുന്ന നാല് ശതമാനം കൈത്തറി യൂണിറ്റുകളും സ്വകാര്യ വ്യവസായ സംരംഭകരാണുള്ളത്. ഇവര്‍ക്ക് കാലവര്‍ഷങ്ങളില്‍ വരുന്ന നഷ്ടവും ചെറുതല്ല.
ഒരു വര്‍ഷത്തില്‍ രണ്ടും മൂന്നും പാവുകള്‍ മാത്രമാണ് ഇതിന് ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇതിനും രണ്ടുവര്ഷകാലമായി വേതനം കിട്ടുന്നില്ല എന്നും തൊഴിലാളികള്‍. ഒരു പാവ് 150 മീറ്ററാണ്.
ഇതില്‍ തൊഴിലാളിക്ക് ഒരു മീറ്ററിന് 52 രൂപയും ബോണസ് അടക്കം 72 രൂപയാണ് ലഭിക്കുന്നത്. ഓണക്കാലമായിട്ടും തൊഴിലവസരങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഗ്രാമവാസികളായ കൈത്തറിയെആശ്രയിക്കുന്ന തൊഴിലാളികള്‍.
കൈത്തറി വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡും സബ്സിഡികളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല കൈത്തറി വ്യവസായികള്‍ക്കും അത് ലഭിക്കുന്നില്ലെന്ന് ആക്ഷേപം പരക്കെയുണ്ട്.
പരമ്പരാഗതമായ ഈ തൊഴില്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പഠനം നടത്തി തൊഴിലാളികളെ സംരക്ഷിക്കുവാന്‍ മാര്‍ഗം കാണണ്ടതുണ്ട്.