കല മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുന്നു: കടന്നപ്പള്ളി
1451103
Friday, September 6, 2024 6:42 AM IST
തിരുവനന്തപുരം: കലയിലൂടെ മനുഷ്യമനസിന്റെ ശുദ്ധീകരണമാണ് നടക്കുന്നതെന്നും നിയമ നിർമിതിയിലൂടെ പരിഹരിക്കുവാൻ കഴിയുന്നതല്ല മനസിന്റെ വിമലീകരണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
ഭാരത് ഭവൻ സംഘടിപ്പിച്ച മണ്‍സൂണ്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യൂ തീയറ്ററിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭാരത് ഭവൻ, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, ഐപിഎഎഫ് എന്നിവരുടെ സഹകരണത്തോടെയാണ് മഴ പ്രമേയമാക്കി പെണ്‍പ്രതിഭകളുടെ രംഗോത്സവമായ മണ്‍സൂണ്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. മനുഷ്യന്റെ ചിന്തകളെ ശുദ്ധമാക്കുവാൻ കലാസൃഷ്ടിക്കു കഴിയും. മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന തീപടിത്തത്തിന്റെ പിന്നിലെ വാർത്തകളെ കുറിച്ച് പരാമർശിച്ച കടന്നപള്ളി രാമചന്ദ്രൻ ക്രൂരമായി കൊല്ലുന്ന നിലയിലേക്ക് മനുഷ്യൻ മാറുകയാണെന്ന് ഓർമിപ്പിച്ചു. മനുഷ്യ മനസിനെ നന്മ യിലേക്കു നയിക്കുവാൻ കഴിയുന്ന കലാസൃഷ്ടികൾ ഉണ്ടാവണം എന്നും കടന്നപ്പള്ളി പറഞ്ഞു. വയനാട് ദുരന്തം ഉണ്ടായപ്പോൾ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ദുരന്തബാധിതർക്കു രക്ഷാകവചം ഒരുക്കുവാൻ സ്വയം പ്രേരിതരായാണ് ജനം മുന്നോട്ടു വന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കലാകാരന്മാർക്കു സമൂഹത്തോടു വലിയ ഉത്തരവാദിത്തമുണ്ടന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ ഇൻ ചാർജ് പ്രേംകുമാർ അഭിപ്രായപ്പെട്ടു.
കലാകാരന്മാർ അല്പമൊന്നു പാളിയാൽ വലിയ അപചയമാണ് സമൂഹത്തിൽ ഉണ്ടാവുക. സത്യത്തിന്റേയും, മാനവികതയുടെയും പക്ഷത്താവണം കലാകാരന്മാർ നിലകൊള്ളേണ്ടതെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. യഥാർഥ കലാപ്രവർത്തനങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്ന കാലയളവാണ് ഇത്.
ടെലിവിഷൻ ചാനലുകളിലെ ചില സീരിയലുകൾ നമ്മുടെ ഭാഷയെയും സംസ്കാരത്തേയും വികലമാക്കുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ തലമുറ യഥാർഥ കലകളെ തിരിച്ചറിയേണ്ടതുണ്ട്. പ്രേംകുമാർ പറഞ്ഞു.
ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വട്ടപറന്പിൽ പീതാംബരൻ അധ്യക്ഷത വഹിച്ചു. ഐപിഎഎഫ് ഡയറക്ടർ ശ്യാമ പാണ്ടേ, മഹാകവി മൊയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാഡമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസ പ്രസംഗം നടത്തി.
ചടങ്ങിൽവച്ച് വട്ടപറന്പിൽ പീതാംബരനെയും കഥക് നർത്തകിയും കോറിയോഗ്രാഫറുമായ ഡോ. ഖുശ്ബു പാഞ്ചാലയെയും നാടകപ്രവർത്തകൻ പ്രഫ. അലിയാരെയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പൊന്നാട ചാർത്തി ആദരിച്ചു. മാധ്യമ പ്രവർത്തകൻ കെ.ബി. വേണു, നാടക പ്രവർത്തകൻ, എസ്. രാധാകൃഷ്ണൻ, അഡ്വ. റോബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.
ചടങ്ങിനു ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് ആമുഖപ്രസംഗം നടത്തി. കഥക് നർത്തകി സുതാപ ദത്ത നന്ദിയും പറഞ്ഞു. തുടർന്ന് ഡോ. ഖുശ്ബു പാഞ്ചാലിന്റെ കഥക് നൃത്തം അരങ്ങേറി. പുരുഷന്മാർ മാത്രം അവതരിപ്പിച്ചു വരുന്ന ദഫ്മുട്ട് നടന്നു. ഒപ്പന, കോൽക്കളി തുടങ്ങിയ നൃത്തയിനങ്ങളും അവതരിപ്പിക്കപ്പെട്ടു.