നിയന്ത്രണംതെറ്റിയെത്തിയ വാഹനമിടിച്ചു ഗൃഹനാഥൻ മരിച്ചു
1450862
Thursday, September 5, 2024 11:15 PM IST
പോത്തൻകോട് : കാട്ടായിക്കോണത്തു നിയന്ത്രണംതെറ്റിയയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു.
പോത്തൻകോട് പ്രിനി നിവാസിൽ പ്രകാശ് കുമാർ (59) ആണ് മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5.30ഓടെ കാട്ടായിക്കോണം ജംഗ്ഷനുസമീപം പൂന്തുറ സ്വാമി ആശ്രമത്തിനു സമീപമായിരുന്നു അപകടം.
പാൽ വാങ്ങി തിരികെ വീട്ടിലേക്കു പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കഴക്കൂട്ടത്തുനിന്നും പോത്തൻകോട് ഭാഗത്തേയ്ക്ക് പച്ചക്കറിയുമായി അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി തെറ്റായ ദിശയിൽ കയറി പ്രകാശിനെ പിറകിലൂടെ ഇടിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് പ്രകാശ്. ഭാര്യ: വി.എസ്. നിഷ. മക്കൾ: അക്ഷയ് പ്രകാശ്, എൻ.പി. പ്രിനി. സഞ്ചയനം തിങ്കൾ രാവിലെ ഏഴിന്.