സിവില്സ്റ്റേഷന് റോഡില്‍ ഒരിടത്ത് പുഷ്പകൃഷി; മറുഭാഗത്ത് കാടുവളര്‍ത്തല്‍..!
1450823
Thursday, September 5, 2024 6:45 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ പ്രധാന റോഡിന്റെ ഇരുവശങ്ങളിലായി തെളി യുന്നത് അവഗണനയും പരിഗണനയും..! സിവില്‍ സ്റ്റേഷനിലേക്കു പോകുന്ന 400 മീറ്ററോളം വരുന്ന റോഡിന്റെ ഒരുഭാഗത്ത് വിലകൂടിയ ചെടികള്‍ നട്ടുപിടിപ്പിച്ചും പുല്‍ത്തകിടി ഒരുക്കിയും മനോഹരമാക്കിയപ്പോഴാണ് മറുവശത്ത് ഫുട്പാത്തിനുസമീപം കാടുമൂടി ഇഴജന്തുഭീതിയില് കിടക്കുന്നത്.
റോഡിന്റെ ഇരുഭാഗത്തും സോളാര്‍ വിളക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ ഗാര്‍ഡനിംഗ് നടത്തിയിട്ടുള്ള ഭാഗത്ത് എല്ലാ ലൈറ്റുകളും പ്രകാശിക്കുന്നുണ്ട്. അതേസമയം കാല്നടയാത്രികര്ക്കുള്ള ഫുട്പാത്തില്‍ ചില വിളക്കുകള്‍ കണ്ണടച്ച നിലയിലാണ്. ഫുട്പാത്തിലേക്കു കാട്ടുചെടികള്‍ വളര്‍ന്നുകയറിയ നിലയിലായതിനാല്‍ ഇതുവഴി നടക്കാന്‍ പ്രയാസമാണ്.
ഈ ഭാഗത്ത് ഇഴജന്തുക്കള്‍ ഉള്ളത് ജനങ്ങളെ ഭീതിയിലാക്കുന്നു. കുറച്ചുനാള്‍ മുമ്പ് ഫുട്പാത്തിനു സമീപത്തെ പുല്ലുകളുടെ വളര്‍ച്ചയും കാട്ടുചെടികളുടെ വളര്‍ച്ചയും കൂടിയതോടെ ഒരുവിധം വെട്ടി വൃത്തിയാക്കിയിരുന്നതാണ്. പിന്നീട് അത് നിലച്ച അവസ്ഥയിലായി. ചില സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ ഇളകിയ നിലയിലുമാണ്.
കൂറ്റന്‍ മരങ്ങളുടെ വളര്‍ച്ച നടപ്പാത മറച്ചിട്ടുള്ള അവസ്ഥയുമുണ്ട്. സിവില്‍സ്റ്റേഷനില്‍ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും നടന്നുവരുന്നത്. അതിനിടെയാണ് ഒരു വശത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ മറുഭാഗം അവഗണനയില്‍ കിടക്കുന്നത്.