പാപ്പനംകോട് തീപിടിത്തം: ഭാര്യയെ തീകൊളുത്തിയതിനുശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതുതന്നെ
1450813
Thursday, September 5, 2024 6:32 AM IST
നേമം: പാപ്പനംകോട് ഇന്‍ഷ്വറന്‍സ് ഏജന്‍സി ഓഫീസില്‍ തീപ്പിടിച്ച് ജീവനക്കാരിയടക്കം രണ്ടുപേര്‍ മരിച്ച സംഭവം ഭാര്യയെ തീയിട്ടുകൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന കണ്ടെത്തലില്‍ പോലീസ്.
തീപിടിത്തത്തില്‍ ജീവനക്കാരിയായ പാപ്പനംകോട് ദിക്കുബലിക്കളം റോഡിൽ നടുവത്ത് ശിവപ്രസാദത്തില്‍ വൈഷ്ണ(35)യാണ് മരിച്ചത്. കൂടെ മരിച്ചതു വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസിനു ലഭിച്ച തെളിവുകള്‍. ഡിഎന്‍എ ഫലംവന്ന ശേഷമേ മരിച്ചത് ബിനുവാണെന്ന കാര്യം ഉറപ്പിക്കൂ.
തീപിടിത്തത്തില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയനാവാത്ത വിധത്തില്‍ കത്തിക്കരിഞ്ഞിരുന്നു. സംഭവത്തിനു കുറച്ചുസമയം മുമ്പ് ബിനു നരുവാമൂട്ടില്നിന്നും ഓട്ടോയില്‍ പഴയകാരയ്ക്കാമണ്ഡപത്ത് ഇറങ്ങി ഏജന്‍സി ഓഫീസ് പ്രവര്‍ത്തിക്കുന്ന പാപ്പനംകോട് ഭാഗത്തേയ്ക്കു നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ ബിനു ടിന്നര്‍ പോലുള്ള ദ്രാവകവും മണ്ണെണ്ണയും തീയിടാന്‍ ഉപയോഗിച്ചെന്നാണ് സംശയിക്കുന്നത്. ബിനുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വൈഷ്ണ നാലുവര്‍ഷം മുമ്പ് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിന്നീടാണ് ബിനുവിനെ വിവാഹം കഴിച്ചത്. എന്നാൽ ബിനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ വൈഷ്ണ കോടതിയെ സമീപിക്കുകയും അതിന്റെ നടപടികള്‍ നടന്നുവരികയും ചെയ്യുന്നതിനിടെയാണ് നിലവിലെ സംഭവങ്ങളുണ്ടായത്.
പല തവണ ബിനു വൈഷ്ണയുടെ വീട്ടിലും ജോലി ചെയ്യുന്ന ഏജന്‍സി ഓഫീസിലുമെത്തി ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വൈഷ്ണയുടെ സഹോദരനു പലപ്പോഴും ഫോണില്‍ ഭീഷണി സന്ദേശങ്ങളും അയയ് ക്കാറുണ്ടായിരുന്നു. ബിനുവിന്റെ ഭീഷണി ഭയന്നു കുറച്ചുനാള്‍ മുമ്പ് വൈഷ്ണ സ്വയംരക്ഷയ്ക്ക് മുളകുപൊടി സ്പ്രേ കൈയില്‍ കരുതുമായിരുന്നുവെന്ന് ഏജന്‍സി ഉടമയും പറഞ്ഞു.
ആറു വര്‍ഷത്തിലധികമായി വൈഷ്ണ ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്. പാപ്പനംകോട് ഇന്‍ഷ്വറന്‍സ് ഏജന്‍സി ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നടത്തിപ്പുകാരന് മണി പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന രേഖകളെല്ലാം നശിച്ചു. പണമായി ലഭിച്ച 50,000 രൂപയും കത്തി നശിച്ചു. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും കത്തിപോയി.
വൈഷ്ണയ്ക്ക് യാത്രാമൊഴിയേകി നാട്
നേമം: പാപ്പനംകോട് അഷ്വറന്‍സ് ഏജന്‍സി ഓഫീസില്‍ കൊല്ലപ്പെട്ട വൈഷ്ണയ്ക്ക് യാത്രമൊഴി. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പരിശോധനയ് ക്കുശേഷം ബുധനാഴ്ച ഉച്ചയ് ക്ക് രണ്ടു മണിയോടുകൂടി പാപ്പനംകോട്ടെ വാടക വീട്ടില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു തീ വയ്പ്പ് സംഭവം നടന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും അമ്മ സുധകലയും മക്കളും വൈഷ്ണയെ ഒരു നോക്ക് കാണാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. സംഭവദിവസം കിഴക്കേകോട്ടയിൽ പോയി മടങ്ങി വരുന്നതിനിടെ വൈഷ്ണയുടെ അമ്മ സുധകല മകള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ നിന്നും തീയും പുകയും വരുന്നതു ബസിലിരുന്ന് കണ്ടിരുന്നു.
മകളാണ് കണ്മുന്നില് കത്തിയെരിയുന്നതറിയാതെ അമ്മ മകന് വിഷ്ണുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം രണ്ടരയോടെ തൈയ്ക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. വൈഷ്ണയുടെ മകന് ദേവദേവൻ ചടങ്ങുകൾ നടത്തി.