ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
1443994
Sunday, August 11, 2024 6:46 AM IST
തിരുവനന്തപുരം: വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ ഡോ. പ്രശാന്ത് ചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കരമന സ്വദേശിയായ ഡോ. പ്രശാന്ത് ചന്ദ്രൻ കേഴ്വി , സംസാര, കാഴ്ച പരിമിതനാണെങ്കിലും മുൻപും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്കൊപ്പം 30ൽ പരം ലോക റെക്കോർഡുകളും പ്രശാന്ത് കരസ്ഥമാക്കിയിട്ടുണ്ട്. പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച തുകയിൽ നിന്നുമാണ് വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നൽകിയത്.
സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്രയും ചടങ്ങിൽ പങ്കെടുത്തു. കരമന സ്വദേശി ചന്ദ്രൻ-സുഹിത ദന്പതികളുടെ മകനാണ് ഡോ.പ്രശാന്ത് ചന്ദ്രൻ.
നെടുങ്ങാട് : വയനാട് പ്രകൃതി ദുരന്തത്തിൽ ഇരയായ കുടുംബങ്ങളുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി വേങ്കവിള നവഭാവന റസിഡന്റ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.
അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉപേക്ഷിച്ച് അതിനായി കരുതിയ അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഡി.കെ.മുരളി എംഎൽഎ തുക ഏറ്റുവാങ്ങി.
വിഎൻആർഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. അനിൽകുമാർ , കണ്ണൻ വേങ്കവിള, സജി വേങ്കവിള, എ .എസ്.ഷീജ, തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : വാട്ടർ അഥോറിറ്റി അരുവിക്കര ഡിവിഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ 'അരുവി'യുടെ പ്രതിനിധികൾ 36,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടർ അനുകുമാരിക്ക് കൈമാറി.
അരുവി വൈസ്പ്രസിഡന്റ് പ്രതാപചന്ദ്രൻ നായർ, വിഷ്ണു, രാജേഷ്, ശരത്ത് എന്നിവർ സന്നിഹിതരായിരുന്നു.