കയറ്റം കയറുന്നതിനിടയിൽ ബ്രേക്ക് നഷ്ടമായി: ലോറി തലകീഴായി മറിഞ്ഞു
1443991
Sunday, August 11, 2024 6:46 AM IST
വിഴിഞ്ഞം : കയറ്റം കയറുന്നതിനിടയിൽ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് അരികയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് പിന്നോട്ടിറങ്ങി റോഡിൽ മറിഞ്ഞു. റോഡിന് കുറുകെയായിരുന്നു ലോറി മറിഞ്ഞത്. ലോറിയുടെ ഡീസൽ ടാങ്കും ഇതിനിടെ പൊട്ടുകയും ഇന്ധനം റോഡിലേക്ക് ഒഴുകുകയും ചെയ്തു.
പുറകിൽ നിന്നെത്തിയ വാഹന യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോവളം - കാരോട് ബൈപ്പാസിൽ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിക്കും മുക്കോലക്കും ഇടയിലെ സർവീസസ് റോഡിലാണ് അപകടമുണ്ടായത്.
പുനലൂരിൽ നിന്ന് ബാലരാമപുരത്തേക്ക് അരിയുമായി വരുകയായിരുന്ന ലോറി കുത്തനെയുള്ള കയറ്റം കയറുന്നതിനിടയിലാണ് ബ്രേക്ക് നഷ്ടമായത്. വാഹനത്തെ നിയന്ത്രിക്കാൻഡ്രൈവർ ശ്രമിച്ചെങ്കിലും അമിതഭാരവും കുത്തനെയുള്ള ഇറക്കവും വിനയായി.
അരിച്ചാക്കുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ക്രെയിനെത്തിച്ച് ലോറി ഉയർത്തുകയായിരുന്നു. റോഡിൽ വീണ് ഒഴുകിയ ഓയിൽ വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞ് അപകടം ഒഴിവാക്കി.
ബൈപ്പാസിൽ അശാസ്ത്രീയമായി നിർമിച്ച സർവീസസ് റോഡുകൾ ഇതിനോടകം നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
കുത്തനെയുള്ള കയറ്റത്തിലും ഇറക്കത്തിലും നിർമിച്ച ഇടുങ്ങിയ റോഡ് അമിത ഭാരവാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിലല്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആനയുമായി വന്നലോറി നിയന്ത്രണംതെറ്റി താഴെക്ക് ഉരുണ്ട് അപകടമുണ്ടായതുൾപ്പെടെ നിരവധി സംഭവങ്ങൾ ഇതേ സ്ഥലത്ത് നേരത്തെയുമുണ്ടായി. എല്ലാ സമയത്തും മറ്റ് വാഹനങ്ങൾ രക്ഷപ്പെടുന്നത് തലനാരിക്ക് മാത്രമാണ്.
കൂടാതെ ഇതിനും കഷ്ടിച്ച് ഒരു കിലോമീറ്റർ മാറി തലക്കോട് ഭാഗത്തെ കയറ്റത്തിൽ തുറമുഖ നിർമാണത്തിന് കല്ലുമായി വന്ന ടിപ്പർ ലോറികൾ താഴെക്ക് ഉരുണ്ട് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായി.
അമിതഭാരവുമായുള്ള വാഹനങ്ങൾ കയറ്റം കയറുമ്പോൾ പുറകിൽ ചങ്കിടിപ്പോടെ കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് മറ്റ് വാഹനയാത്രക്കാരും നാട്ടുകാരും.
അപകടകരമായ ബൈപ്പാസ് റോഡിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും ദേശീയപാതാ അധികൃതർ തിരിഞ്ഞ്നോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.