വാഹനാപകടങ്ങൾ വർധിച്ചു: ചേരപ്പള്ളി വളവിൽ ഹമ്പുകൾ സ്ഥാപിച്ചു
1443989
Sunday, August 11, 2024 6:46 AM IST
നെടുമങ്ങാട് : വെള്ളനാട്–ചെറ്റച്ചൽ റോഡിലെ ചേരപ്പള്ളി വളവിന് സമീപം റോഡിൽ ഹമ്പുകൾ സ്ഥാപിച്ചു. വളവിന് ഇരുവശവും ഇറവൂരിന് സമീപം വളവിലുമാണ് ആറ് ചെറിയ ഹമ്പുകൾ സ്ഥാപിച്ചത്.
പ്രദേശത്ത് നിരവധി വാഹനഅപകടങ്ങൾ നടന്നതിനെ തുടർന്നാണ് നടപടി. ഒരാഴ്ച മുൻപാണ് കരിങ്കല്ല് ലോഡുമായെത്തിയ ലോറി ചേരപ്പള്ളി വളവിൽ മറിഞ്ഞത്.
മുൻപ് സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നവീകരണത്തിന് പിന്നാലെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളിൽ നിരവധി പേരുടെ ജീവനുകൾ പൊലിഞ്ഞിരുന്നു.
നാട്ടുകാർ പ്രതിഷേധിച്ചതോടെ നവീകരണം നടത്തിയ കമ്പനി വളവിന് സമീപം രണ്ടു വശത്തും ഹമ്പ് സ്ഥാപിക്കുകയും സൂചന ബോർഡുകൾ വയ്ക്കുകയും ചെയ്തതോടെ അപകടങ്ങൾ കുറഞ്ഞു.
എന്നാൽ ഒന്നര മാസം മുൻപ് റോഡിൽ വീണ്ടും ടാറിംഗ് നടത്തിയതോടെ ഹമ്പുകൾ അപ്രത്യക്ഷമായി. ഇതാണ് വളവിൽ വീണ്ടും അപകടത്തിന് ഇടയാക്കിയത്. വളവിൽ അമിത വേഗത്തിൽ വാഹനങ്ങൾ എത്തുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.