പാറശാലയില്‍ ലക്ഷങ്ങളുടെ എംഡിഎംഎ പിടിച്ചെടുത്തു
1443705
Saturday, August 10, 2024 6:51 AM IST
പാറശാല: പാറശാലയില്‍ ലക്ഷങ്ങളുടെ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായി.
45.07 ഗ്രാം എംഡിഎംഎയുമായാണു രണ്ടു യുവാക്കളെ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള ഡാന്‍സാഫ് സ്ക്വാഡും പാറശാല പോലീസും പിടികൂടിയത്.
പൂന്തുറ മാണിക്യവിളാകത്ത് മതവില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അനു (34), മഞ്ചവിളാകം ചായ്ക്കോട്ടുകോണം കുളത്തുമ്മല്‍ അനന്തേരി പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പാറശാല പോസ്റ്റാഫീസ് ജംഗ്ഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കേരള-തമിഴ്നാട് അതിര്‍ത്തിവരെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലെത്തിയ ഇവര്‍ വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നതിനായി പാറശാല പോസ്റ്റാഫീസ് ജംഗ്ഷനില്‍ ഇറങ്ങി മറ്റൊരു വണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.
സംശയം തോന്നിയ പോലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതിനെത്തുടര്‍ന്നു വിശദമായ പരിശോധന നടത്തുകയായിരുന്നു.
ബംഗളൂരുവിൽനിന്നാണ് പ്രതികള്‍ ലഹരിവസ്തുവെത്തിച്ചതെന്നു മൊഴി നല്‍കിയിട്ടുണ്ട്. കടത്തിക്കൊണ്ടുവന്ന രാസലഹരിക്ക് അഞ്ചുലക്ഷത്തോളം രൂപ വിലയുള്ളതായി പാറശാല പോലീസ് അറിയിച്ചു. അയല്‍ സംസ്ഥാന്നങ്ങളില്‍ നിന്ന് എംഡിഎംഎ അടക്കമുളള രാസലഹരി ഉത്പന്നങ്ങള്‍ തലസ്ഥാനത്തും പരിസരങ്ങളിലും വില്‍പ്പന നടത്തുന്ന സംഘങ്ങളിലെ കണ്ണികളാണ് ഇരുവരും.
റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും പാറശാല എസ്എച്ച്ഒ എസ്.എസ്. സജി, എസ്ഐ ഹര്‍ഷകുമാര്‍, ഗ്രേഡ് എസ്ഐമാരായ ഷാജി, ശിവകുമാര്‍, സിപിഒമാരായ ബൈജു, റോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.