മെഡിസെപ്പ്: പുതിയ ജീവനക്കാർക്കുള്ള നിബന്ധന ഒഴിവാക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
1443698
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിച്ച പുതിയ ജീവനക്കാർക്ക് 2022 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ മെഡിസെപ്പ് പ്രീമിയം നിർബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതിന് അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള കറ്റാസ്ട്രോഫിക് പാക്കേജ് ആനുകൂല്യം ആവശ്യമില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്ന നിബന്ധന ഉൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആ ക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
മെഡിക്കൽ ഇൻഷ്വറൻസിന് പൂർവകാല പ്രാബല്യത്തോടെ തുക നൽകുന്നതിൽ നിന്നും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന അടിച്ചേൽപിച്ചിരിക്കുന്നത്. പുതിയ ജീവനക്കാർ മാസം തോറും നിഷ്ക്കർഷിച്ചിട്ടുള്ള മെഡിസെപ്പ് പ്രീമിയം കൃത്യമായി അടക്കണം. പക്ഷെ അവർക്ക് മെഡിസെപ്പിലെ അവയവമാറ്റ ശസ്ത്രക്രിയക്ക് തുക അനുവദിക്കില്ലെന്ന് പറയുന്നത് നീതി നിഷേധമാണ്.
ജീവനക്കാർ ഇൻഷ്വറൻസിനായി പ്രീമിയം അടക്കണം, പക്ഷെ ചികിത്സ വേണ്ടെന്ന് എഴുതികൊടുക്കണം. ബ്ലേഡ് കന്പനിക്കാർ പോലും ഉപഭോക്താക്കളോട് ഇത്തരം നിബന്ധന വയ്ക്കില്ല.ഇപ്പോൾ തന്നെ സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പിന്റെ ആനുകൂല്യം തുലോം തുച്ഛമാണ് ലഭിക്കുന്നത്. കന്പനിയുമായുള്ള കരാറിന്റെ വ്യവസ്ഥകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
ധനവകുപ്പിൽ നിന്ന് ദിവസേന ഇത്തരം വിചിത്ര ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രം പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന രീതി അവലംബിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് ആവശ്യപ്പെട്ടു.