വിഴിഞ്ഞത്ത് കപ്പലടുത്ത വകയിൽ ഫയർഫോഴ്സിനും കോള്, കൂടെ ബാധ്യതയും
1438415
Tuesday, July 23, 2024 6:31 AM IST
വിഴിഞ്ഞം: പോർട്ട് ഫീസ് ഉൾപ്പെടെയുള്ളവ പിരിക്കാൻ അധികൃതർക്ക് മടിയെങ്കിലും വിഴിഞ്ഞത്ത് കപ്പലടുത്ത വകയിൽ വിഴിഞ്ഞം ഫയർ സ്റ്റേഷൻ വഴി സർകാരിന് കിട്ടിയത് ലക്ഷങ്ങൾ. അന്താരാഷ്ട്ര നിയമമനുസരിച്ച് കപ്പൽ തുറമുഖ വാർഫിൽ അടുക്കുന്നതിന് മുൻപ് സുരക്ഷക്കായി ഫയർഫോഴ്സിന്റെ സാന്നിധ്യമുണ്ടാകണം.
തുറമുഖ നിർമാണം നടന്ന് ട്രയൽ റണ്ണിനായി കപ്പൽ അടുത്തെങ്കിലും ഏറ്റവും അത്യാവശ്യം വേണ്ട ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപനംപോലും നടന്നില്ല. നിലവിൽ വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റിനെയാണ് തുറമുഖത്ത് നിയോഗിക്കുന്നത്. കപ്പൽ തീരത്തടുക്കുന്നത് മുതൽ തീരം വിടുന്നതുവരെ സംഘം വാർഫിനു സമീപം നിലയുറപ്പിച്ചിരിക്കണമെന്നാണ് നിബ ന്ധന.
ഇതിനായി ഒരു ദിവസം 12, 200 രൂപ യൂസർ ഫീസായി അധികൃതർ വിഴിഞ്ഞംഫയർ സ്റ്റേഷനിൽ അടക്കണം. ചൈനയിൽ നിന്ന് ക്രെയിനുകളുമായി അടുത്ത ഏഴ് കപ്പലുകൾക്കുപരി ട്രയൽ റൺ തുടങ്ങിയ ശേഷം കണ്ടെയ്നറുകളുമായി അടുത്ത കപ്പലുകൾക്കുമായി ഏകദേശം അറുപത് ദിവസത്തോളം ഫയർഫോഴ്സ് സുരക്ഷയൊരുക്കി. പക്ഷെ വരുമാനമായി ലക്ഷങ്ങൾ വന്നെങ്കിലും ഫയർ സ്റ്റേഷന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചു. വെള്ളം നിറച്ച ആകെയുള്ള രണ്ട് വാഹനങ്ങളിൽ ഒന്നിനെയും അതിനാവശ്യമായ ആറ് ജീവനക്കാരെയും തുറമുഖ ത്തേക്ക് അയക്കുന്നത് ജീവൻ രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
മരം മുറി മുതൽ തീപിടിത്തവും കിണറുകളിൽ വീഴുന്ന ചെറു ജീവികളുടെ വരെ ജീവൻ രക്ഷിക്കൽ ഫയർ ഫോഴ്സിന്റെ ജോലിയാണ്. ജീവനക്കാരുടെ കുറവ് കാരണം പലപ്പോഴും രക്ഷാപ്രവർത്തനത്തിന് മറ്റ് ഫയർ സ്റ്റേഷനുകളുടെ സഹായം തേടേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു.
സ്വന്തം ലേഖകൻ