ബാധ്യത നിറവേറ്റാത്ത മേയർ രാജി വയ്ക്കണം: സി.പി. ജോണ്
1438401
Tuesday, July 23, 2024 6:30 AM IST
തിരുവനന്തപുരം: നഗര മാലിന്യങ്ങൾ നിർമാജനം ചെയ്യാൻ ഭരണഘടന ബാധ്യതയുള്ള കോർപറേഷന്റെ മേയർ തന്റെ ഉത്തരവാദിത്തം നിർവേറ്റാത്ത സാഹചര്യത്തിൽ രാജിവച്ചു പുറത്ത് പോകണമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ് ആവശ്യപ്പെട്ടു.
"നഗരം നരകം സർക്കാരെ കണ്ണ് തുറക്കു’ എന്ന മുദ്രാവാക്യവുമായി സിഎംപി തിരുവനന്തപുരം ജില്ലാ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികളോ സ്ഥാപനങ്ങളോ മാലിന്യം സൃഷ്ട്ടിച്ചാൽ അത് സംസ്കരിക്കേണ്ടത് നഗര സഭയുടെ ഉത്തരവാദിത്തമാണ്. നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും അവരുടെ മേൽ പിഴ ചുമത്താനും അധികാരം നിയമത്തിലൂടെ ലഭ്യമായിട്ടുള്ളതും നഗരസഭയ്ക്കാണ്. ഇത്രയധികം അധികാരം ഉണ്ടായിട്ടും ആമയിഴഞ്ചാൻ തോട്ടിലും പാർവതി പുത്തനാറിലും മാലിന്യങ്ങൾ നിർമാജനം ചെയുന്നതിൽ നഗരസഭ പരാജയപ്പെട്ടു. ഈ പരാജയത്തിന്റെ രക്തസാക്ഷിയാണ് മലിനജലത്തിൽ മുങ്ങി മരിക്കേണ്ടി വന്ന ജോയ്. ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകിയിട്ടുള്ള 10 ലക്ഷം നഷ്ടപരിഹാരം തുച്ഛമാണ്. 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം. ജോയിയുടെ മരണത്തിനു റെയിൽവേക്കും ഉത്തരവാദിത്തമുണ്ട്.
സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി പി.ജി. മധു, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് സാം ക്രിസ്മസ്, കെ.വിനോദ് കുമാർ, പാർട്ടി ഏരിയ സെക്രട്ടറിമാരായ പേയാട് ജ്യോതി, രണ്ടാംചിറ മണിയൻ, കെ.വി.ബിച്ചു , മംഗലപുരം സുനിൽ, തിരുവല്ലം മോഹനൻ, നിസ്താർ, വിശ്വനാഥൻ, തുടങ്ങിയവർ പ്രസംഗിച്ചു.