സാൻഫെർണാണ്ടോയുടെ മടക്കയാത്ര വൈകി
1436376
Monday, July 15, 2024 7:17 AM IST
വിഴിഞ്ഞം : ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് കൊണ്ടുവന്ന കണ്ടെയ്നറുകൾ ഇറക്കിയതായി അധികൃതർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ സാൻഫെർണാണ്ടോയുടെ മടക്കയാത്ര പറഞ്ഞതിലും ഒരു ദിവസം വൈകി.
വെള്ളിയാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഉച്ചക്ക് രണ്ടിന് വാർഫിൽ ഉറപ്പിച്ച കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ കണ്ടെയ്നറുകൾ ഇറക്കുന്ന ജോലി ഇന്നെലെ പുലർച്ചെയോടെ പൂർത്തിയാക്കിയശേഷം ഉച്ചയോടെ തീരം വിടുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ ഇന്നലെ രാവിലെ പത്ത് മണി വരെയും ഇറക്കാനുള്ള 1930 കണ്ടെയ്നറുകളിൽ 1100 ഓളം എണ്ണം മാത്രം ഇറക്കാനായി.
കാലാവസ്ഥയും തുടക്കത്തിലെ ചെറിയ സാങ്കേതിക പ്രശ്നങ്ങളുമാണ് വൈകാൻ കാരണമായി പറയപ്പെടുന്നത്. വിഴിഞ്ഞത്തേക്ക് ഇറക്കാനുള്ള കണ്ടെയ്നറുകൾക്ക് ഉപരിയുള്ള 607 എണ്ണത്തെ തിരികെ കയറ്റി റി- പൊസിഷൻ ചെയ്ത ശേഷമാണ് കപ്പൽ മടങ്ങുക. ഇറക്കിയ കണ്ടെയ്നറുകളെ കൊണ്ടുപോകുന്നതിന് ഫീഡർ വെസലുകളായ കെമാറിൻ അസൂർ ഇന്നും , സീസ്പാൻ നാളെയുമായി കൊളംബോയിൽ നിന്ന് തുറമുഖത്തടുക്കും.
സുരക്ഷക്കായി തീരദേശ പോലീസ് വാടകയ്ക്കെടുത്ത നാല് ബോട്ടുകൾ കടലിലും , വിഴിഞ്ഞം ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് കരയിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് തുറമുഖം വിടുന്ന സാൻഫെർണാണ്ടോയെ അന്തർദേശീയ കപ്പൽ ചാനൽ വരെ തീരദേശ പോലീസ് അകമ്പടി സേവിക്കും.