ദുരിത നിവാരണത്തിനു 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
1425251
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണുന്നതിനു പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ.
15-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിനു കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ 2022 ഫെബ്രുവരി 28നു പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴു നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി 2021 മുതൽ 2026 വരെ 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്.
പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കനത്ത മഴയെത്തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് രാജീവ് ചന്ദ്രശേഖർ അഭ്യർഥിച്ചു.