നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
1425245
Monday, May 27, 2024 1:37 AM IST
നെടുമങ്ങാട് : ജില്ലആശുപത്രിയ്ക്കു വേണ്ടി വാങ്ങിയ ആലുംബന്സുകള് നഗരസഭ പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നു.
ആശുപതിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ അടിയന്തിരഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകള്‍ വിളിച്ചാണ് തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ എത്തുന്നത്.
ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സാധാരണ കുടുംബത്തിലുള്ള രോഗികള്‍ക്ക് ഉണ്ടാക്കുന്നത്. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു വേണ്ടി വാങ്ങിയ രണ്ട് ആംബുലന്‍സുകളും ഒന്നര വര്‍ഷമായി നഗരസഭാ കാര്യാലയത്തിന് പിന്‍വശത്ത് കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്.
സി.ദിവാകരന് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും വാങ്ങിയ ഒരു ആംബുലന്‍സും പൂവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മന്ത്രി ജി.ആര്.അനിലിന്റെ ഫണ്ടില്‍ നിന്നും വാങ്ങിയ മറ്റൊരു ആംബുലന്‍സുമാണ് സര്‍വീസ് നടത്താതെ കട്ടപ്പുറത്തിരിക്കുന്നത്. രണ്ട് ആംബുലന്‍സുകളും ഇതുവരെ ആരോഗ്യവകുപ്പിന് കൈമാറിയിട്ടില്ല.
ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ അധികചുമതയില് കണ്ടെത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് രണ്ട് വാഹനങ്ങളും കട്ടപ്പുറത്താകാന്‍ കാരണം.
ജില്ലാ ആശുപത്രിയിലേയ്ക്ക് ആംബുലന്‍സ് വിട്ടുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ആശുപത്രി സൂപ്രണ്ടും ഇതുവരെ മുന്നോട്ട് വന്നിട്ടില്ലന്ന ആക്ഷേപമുണ്ട്. നിലവില്‍ അപകടമോ, അത്യാഹിതമോ സംഭവിച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ വലിയ തുക മുടക്കി പുറത്തുനിന്നുള്ള സ്വകാര്യ വാഹനങ്ങള്‍ വിളിച്ചാണ് മെഡിക്കല്‍ കോളജില്‍ എത്തുന്നത്.
കൂടാതെ മന്ത്രി ജി.ആര്.അനില്‍ ജില്ലാ ആശുപത്രിയിക്ക് വാങ്ങി നല്കിയ 36-ലക്ഷത്തിന്റെ ഐസിയു വെന്റിലേറ്റര്‍ ആംബുലന്‍സില്‍ മരുന്നുകള്‍ ലോഡടിക്കുന്നത് വലിയ പരാതിയ്ക്ക് കാരണമായിരുന്നു.
രോഗികള്‍ ആവശ്യപ്പെട്ടാല്‍ പോലും ആംബുലന്‍സ് വിട്ടു നല്‍കില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്വകാര്യ ആംബുലൻസുകളെ സഹായിക്കാൻ നഗരസഭ അധികൃതർ നടത്തുന്ന പ്രവണതയാണ് ഇതെന്ന് ചില രോഗികൾ കുറ്റപ്പെടുത്തുന്നു.