ശക്തമായ മഴ: പാറശാലയിൽ നെല്‍പ്പാടം വെള്ളത്തിലായി
1424849
Saturday, May 25, 2024 7:01 AM IST
പാറശാല: ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ പാറശാലയില്‍ വ്യാപക കൃഷിനാശം. നെല്‍ക്കൃഷി ചെയ്യുന്ന കീഴമ്മാകം പാടശേഖരത്തില്‍ നെല്‍ക്കൃഷിക്കായി തയാറാക്കിയ ഞാറ്റടികള്‍ വെള്ളത്തില്‍ മുങ്ങി.
കീഴമ്മാകത്തു മാത്രം 12 ഹെക്ടറോളം സ്ഥലത്തെ ഞാറ്റടികളാണ് വെള്ളക്കെട്ടില്‍ നശിച്ചത്. വിത്തു വിതച്ച് ആറുദിവസത്തോളം കഴിഞ്ഞതിനു പിന്നാലെയാണ് മഴയെത്തിയത്. ശക്തമായ മഴയില്‍ പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
വേനല്‍മഴമൂലം പ്രദേശത്ത് ഒന്നരക്കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വാഴയും മരച്ചീനിയുമുള്പ്പെടെയുള്ള കൃഷികളും നാശത്തിലായി.
ഞാറ്റടികളെ സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ വെള്ളക്കെട്ടുണ്ടായ ആദ്യദിവസങ്ങളില്‍ വ്ളാത്താങ്കര ഏലായുടെ സമീപത്തെ തോട്ടിലേക്കു വെള്ളം ഒഴുക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും തോട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അത് സാധിക്കാതെ വന്നു.
തുടര്‍ന്ന് ഇന്നലെ ഒരു ദിവസംകൊണ്ട് പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി ഞാറ്റടികള്‍ നശിച്ചു. ഒന്നാംവിളയെ കൃഷിയെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാധാരണ ജൂണ്‍ ആദ്യവാരത്തില്‍ ഞാറുകള്‍ പറിച്ചുനട്ട് കൃഷി ആരംഭിക്കുകയാണു പതിവ്.