ട്രോളിംഗ് നിരോധനം: ജില്ലയിൽ തയാറെടുപ്പുകൾ പൂർത്തിയാകുന്നു
1424843
Saturday, May 25, 2024 6:55 AM IST
തിരുവനന്തപുരം: ജൂൺ ഒൻപത് മുതൽ ജൂലൈ 31വരെ, 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനത്തിന് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരുമെന്നും, എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഫിഷറീസ്്, ഹാർബർ എൻജി നീയറിംഗ്, മറൈൻ എൻഫോഴ്സ്മെന്റ്, പോലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ട്രോളിംഗ് കാലയളവിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തി ൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറിൽ പ്രവർത്തിക്കും. കൂടാതെ 18 സീ റസ്ക്യൂ ഗാർഡുകൾ, മുതലപ്പൊഴിയിൽ മൂന്നു ഷിഫ്റ്റുകളിലായി ജീവൻ രക്ഷാ സ്ക്വാഡുകൾ എന്നിവയും സജ്ജമാക്കും. കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് ഒരു മറ്റൈൻ ആംബുലൻസും മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് ഒരു ബോട്ടും നിലവിലുണ്ട്.