വെള്ളവും ചെളിയും ചാല മാര്‍ക്കറ്റിൽ ദുരിതം; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
1423924
Tuesday, May 21, 2024 1:50 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ വെള്ളക്കെട്ടുകളും ചെളിയും ദുര്‍ഗന്ധവും കൊണ്ട് ദുരിതത്തിലായ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓടയുടെയും റോഡിന്റെയും അറ്റകുറ്റപ്പണികളും നടത്താനുള്ള ടെന്‍ഡര്‍ ലഭിച്ചിട്ടും പണി തുടങ്ങല്‍ വൈകിപ്പിക്കുന്നു എന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്.
മാര്‍ക്കറ്റിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. അറ്റകുറ്റ പണികള്‍ക്കായി ആഴ്ചകള്‍ക്ക് മുമ്പ് ചാല മാര്‍ക്കറ്റ് റോഡ് കുഴിക്കുകയും ഓട വൃത്തിയാക്കുന്നതിനായി സ്ലാബുകള്‍ പുറത്തെടുക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ചാല-കരമന റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.
ഇതിനെത്തുടര്‍ന്ന് ചെറുകിട വന്‍കിട കച്ചവടക്കാര്‍ക്ക് ചരക്ക് വാഹനങ്ങള്‍ വരുന്നില്ല. കൂടാതെ ചെറുകിട ഉപഭോക്തരും വരാതായതോടുകൂടി വ്യാപാരികള്‍ ദുരിതത്തിലാണ്.
ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ വ്യാപാരികളും വ്യവസായികളും ഒറ്റക്കെട്ടായി കടകള്‍ അടച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക് പറഞ്ഞു.